thrissur local

പുതിയ കെട്ടിടം തപാല്‍ വകുപ്പു തന്നെ നിര്‍മിക്കണമെന്ന്

തൃശൂര്‍: പട്ടാളം റോഡ് വികസനകാര്യത്തില്‍ നിലപാട് കടുപ്പിച്ച് തൃശൂര്‍ കോര്‍പറേഷന്‍. പുതിയ കെട്ടിടം താപാല്‍ വകുപ്പ് തന്നെ നിര്‍മ്മിക്കണമെന്ന് കോര്‍പറേഷന്‍. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടിയിട്ടും കുരുക്കഴിക്കാന്‍ കഴിയാതിരുന്ന പട്ടാളം റോഡ് വികസനം സാധ്യമാക്കാനാണ് കോര്‍പറേഷന്‍ നടപടിയാരംഭിച്ചത്.
തപാല്‍ വകുപ്പ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരുമായി കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് അടിയന്തര നടപടികള്‍ക്ക് തീരുമാനമായത്. നിലവിലെ പോസ്‌റ്റോഫീസ് മാറ്റത്തിന് 2015ല്‍ കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ഒപ്പുവെച്ച കരാറിലെ നിര്‍ണ്ണായക വ്യവസ്ഥ പ്രകാരം കെട്ടിട നിര്‍മ്മാണം തപാല്‍ വകുപ്പ് നിര്‍വഹിക്കണമെന്ന കോര്‍പ്പറേഷന്റെ ആവശ്യം തപാല്‍ വകുപ്പ് തത്വത്തില്‍ അംഗീകരിച്ചു.
നേരത്തെ 3500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ തപാല്‍ വകുപ്പ് തയ്യാറാക്കി നല്‍കുന്ന പ്ലാനിലും എസ്റ്റിമേറ്റിലും കോര്‍പ്പറേഷന്‍, എട്ട് മാസത്തിനുള്ളില്‍ കെട്ടിടം നിര്‍മ്മിച്ച് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനുപുറമേ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തുല്യ സംഖ്യ ബാങ്ക് നിക്ഷേപമായി കെട്ടിവെക്കണമെന്ന തപാല്‍ വകുപ്പിന്റെ നിലപാട് കോര്‍പറേഷന്റെ അതൃപ്തിക്കിടയാക്കി. ഇതോടെ തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടി.
മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയാവാത്തതിനെ തുടര്‍ന്ന് താപാല്‍ വകുപ്പ് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോര്‍പ്പറേഷന്‍ തന്നെ മുന്‍കൈ എടുക്കുകയായിരുന്നു. തപാല്‍ വകുപ്പ് നിര്‍ദ്ദേശിച്ച ആവശ്യങ്ങളെല്ലാം തള്ളിയ കോര്‍പ്പറേഷന്‍ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി നിലപാട് കടുപ്പിച്ചു. കെട്ടിട സ്വയം നിര്‍മ്മിക്കണമെന്ന കോര്‍പ്പറേഷന്റെ ആവശ്യം ഇതോടെ തപാല്‍ വകുപ്പ് അംഗീകരിച്ചു. കരാര്‍ പ്രകാരം എട്ട് മാസത്തിനുള്ളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ വാടക തപാല്‍ വകുപ്പ് നല്‍കേണ്ടതില്ലെന്നും ചര്‍ച്ചയില്‍ ധാരണയായി.
തുടര്‍ നടപടികള്‍ക്കായി ഒരാഴ്ചക്കകം കരാറില്‍ ഭേദഗതി വരുത്തി കോര്‍പ്പറേഷനെയും വകുപ്പ് മേധാവികളെയും അറിയിക്കാന്‍ തപാല്‍ വകുപ്പ് തൃശൂര്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ പ്രവൃത്തികള്‍ തുടങ്ങണമെന്ന് കോര്‍പ്പറേഷന്‍ തപാല്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. 2014 ലാണ് പട്ടാളം റോഡ് വീതികൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it