thiruvananthapuram local

പുതിയ കരാറുകാരനെത്തി: ബാലരാമപുരം പൊതുമാര്‍ക്കറ്റിന് ശാപമോക്ഷമാവുന്നു

ബാലരാമപുരം: പുതിയ കരാറുകാരനെത്തിയതോടെ ബാലരാമപുരം പൊതുമാര്‍ക്കറ്റിനു ശാപമോക്ഷമാവുന്നു. ഏറെ കാലമായി ദുര്‍ഗന്ധം പേറി കിടന്നിരുന്ന മാര്‍ക്കറ്റിനാണ് മോചനമാവുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിനാമി പേരില്‍ കരാറെടുത്തിരുന്നയാള്‍ മാര്‍ക്കറ്റ് നവീകരിക്കാനോ മാലിന്യം നീക്കാനോ നടപടിയെടുത്തിരുന്നില്ല. ഇയാളെ പിന്നിലാക്കി എസ് കെ ഷാജിമോന്‍ എന്ന കരാറുകാരന്‍ ലേലം പിടിച്ചതോടെയാണ് മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബാലരാമപുരം പഞ്ചായത്ത് ലേലം നടത്തുമ്പോള്‍ വഴിമുക്കിലെ ഒരു കരാറുകാരനാണ് ലേലം പിടിച്ചിരുന്നത്. ലേലം പിടിക്കാന്‍ ഇയാള്‍ ബിനാമികളെയും ഇറക്കാറുണ്ട്. എന്നാല്‍, ഇതിനു വിരുദ്ധമായി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ലക്ഷങ്ങള്‍ കൂടുതല്‍ ചെലവഴിച്ച് പുതിയ കരാറുകാരന്‍ ലേലം പിടിച്ചു. ഏപ്രില്‍ ഒന്നിന് മാര്‍ക്കറ്റ് ഏറ്റെടുത്ത ഷാജിമോന്‍ ആദ്യഘട്ടമെന്ന നിലയില്‍ വര്‍ഷങ്ങളായി മാര്‍ക്കറ്റിനുള്ളില്‍ കെട്ടിക്കിടന്ന മാലിന്യക്കൂമ്പാരം നീക്കം ചെയ്തു. തുടര്‍ന്ന് തറ കോണ്‍ക്രീറ്റ് ചെയ്ത് എല്ലാ ദിവസവും മാലിന്യം ശേഖരിക്കുന്നതിനായി മൂന്നു ബോക്‌സുകള്‍ സ്ഥാപിച്ചു. മല്‍സ്യം, പച്ചക്കറി, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കാനാണ് മൂന്നു ബോക്‌സുകള്‍ സ്ഥാപിച്ചത്. എല്ലാ ദിവസവും മാലിന്യം നീക്കം ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ചെയ്തുകൊടുക്കേണ്ട മാലിന്യനീക്കമാണ് കരാറുകാരന്‍ ചെയ്യുന്നത്. ഇതിനുള്ള ഫണ്ട് പഞ്ചായത്ത് നല്‍കുമെന്ന പ്രതീക്ഷയിലാണ് കരാറുകാരന്‍. വര്‍ഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കംഫര്‍ട്ട് സ്റ്റേഷനും കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുത്തു. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡ്രൈനേജ് ക്ലീന്‍ ചെയ്തും പുതിയ ക്ലോസറ്റുകള്‍ സ്ഥാപിച്ചുമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നത്.
വര്‍ഷങ്ങളായി കോഴിവേസ്റ്റും മറ്റു മാലിന്യങ്ങളും നിറഞ്ഞുകിടന്നിരുന്ന പൊതുകിണറും പുതിയ കരാറുകാരന്‍ വൃത്തിയാക്കി ചുറ്റുമതില്‍ കെട്ടി. രാത്രിയില്‍ കച്ചവടം നടത്തിയിരുന്ന കരാറുകാര്‍ക്ക് ആശ്വാസമായി ഹൈമാസ്റ്റ് ലൈറ്റുകളും മാര്‍ക്കറ്റില്‍ സ്ഥാപിച്ചു. മാര്‍ക്കറ്റിന്റെ കടകളുടെ ചുവരുകളും കെട്ടി.
റോഡിലേക്ക് മാലിന്യം ഒഴുകുന്നത് തടയാന്‍ ഗേറ്റിനോട് ചേര്‍ന്നു തടയണ കെട്ടി വെള്ളം ഓടയിലേക്ക് ഒഴുക്കാന്‍ സംവിധാനം ഒരുക്കി. മാര്‍ക്കറ്റില്‍ എത്തുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതു തടയാനും സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാനും മാര്‍ക്കറ്റില്‍ കാമറ സ്ഥാപിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണ് കരാറുകാരന്‍.
Next Story

RELATED STORIES

Share it