പുതിയ എംഎല്‍എമാരില്‍ 428 പേര്‍ കോടീശ്വരന്‍മാര്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ പകുതിയിലധികം പേര്‍ കോടീശ്വരന്‍മാര്‍. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. തമിഴ്‌നാട്, കേരളം, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി നിയമസഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട 812 പേരില്‍ 428 പേരും കോടീശ്വരന്‍മാരാണെന്ന് അവര്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നതായി സര്‍വെയില്‍ പറയുന്നു. പുതുച്ചേരി നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ളത് 83 ശതമാനം. തമിഴ്‌നാട്ടില്‍ 76ഉം അസമില്‍ 57ഉം കേരളത്തില്‍ 44ഉം പശ്ചിമബംഗാളില്‍ 34ഉം ശതമാനം എംഎല്‍എമാര്‍ കോടിപതികളാണ്. 2011ല്‍ കേരള എംഎല്‍എമാരില്‍ 25 ശതമാനമായിരുന്നു കോടീശ്വരന്‍മാര്‍. 30 അംഗങ്ങളുള്ള പുതുച്ചേരിയില്‍ 25 പേരാണ് കോടിപതികള്‍. തമിഴ്‌നാട്ടില്‍ 223ല്‍ 170 പേരും അസമില്‍ 126ല്‍ 72 പേരും പശ്ചിമബംഗാളില്‍ 293ല്‍ 100 പേരും കേരളത്തില്‍ 140ല്‍ 61 പേരുമാണ് ഈ വിഭാഗത്തിലുള്ളവര്‍.കേരളത്തില്‍ തോമസ് ചാണ്ടിയാണ് ഏറ്റവും സമ്പന്നനായ എംഎല്‍എ. 92.37 കോടിയാണ് അദ്ദേഹത്തിന്റ ആസ്തി. അസമില്‍ നരേന്‍ സോണവാള്‍ (33.94 കോടി), പുതുച്ചേരിയില്‍ അശോക് ആനന്ദ് (124 കോടി), പശ്ചിമബംഗാളില്‍ സാമിര്‍ ചക്രവര്‍ത്തി (40.59 കോടി) തമിഴ്‌നാട്ടില്‍ വസന്തകുമാര്‍ (337 കോടി) എന്നിങ്ങനെയാണ് സമ്പന്ന എംഎല്‍എമാരുടെ കണക്ക്. കേരളത്തിലെ 60 ശമതാനം എംഎല്‍എമാരും ആദായനികുതി കണക്കുകള്‍ ബോധിപ്പിക്കാറില്ലെന്നും സര്‍വെയിലുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ 812 എംഎല്‍എമാരില്‍ 77 പേര്‍ മാത്രമാണ് വനിതകള്‍. ഈ എംഎല്‍എമാരില്‍ അഞ്ചുപേര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്. 71നും 80നും ഇടയിലുള്ളവര്‍ 38 പേരും 61നും 40നും ഇടയിലുള്ളവര്‍ 278 പേരും 41നും 50നും ഇടയിലുള്ളവര്‍ 212 പേരും 31നും 40നുമിടയിലുള്ളവര്‍ 87 പേരും 25നും 30നും ഇടയിലുള്ളവര്‍ അഞ്ചു പേരുമാണ്.വിദ്യാഭ്യാസ യോഗ്യത നോക്കുകയാണെങ്കില്‍ പിഎച്ച്ഡി ബിരുദമുള്ളവര്‍ 19 പേരുണ്ട്. ഇതില്‍ 10 പേര്‍ പശ്ചിമബംഗാളിലും അഞ്ചുപേര്‍ തമിഴ്‌നാട്ടിലുമുള്ള എഎല്‍എമാരാണ്. ബിരുദധാരികളുടെ എണ്ണം 480 ആണ്. കേരളത്തില്‍ സിപിഎമ്മിലെ 91 ശതമാനം എംഎല്‍എമാരും ക്രിമിനല്‍ കേസുള്ളവരാണ്. സിപിഐയില്‍ 63 ശതമാനവും കോണ്‍ഗ്രസ്സില്‍ 41 ശതമാനം എംഎല്‍എമാരും ക്രിമിനല്‍ കേസുള്ളവരാണ്.കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൊത്തം എംഎല്‍എമാരില്‍ ക്രിമിനല്‍ കേസുള്ളവര്‍ 62 ശതമാനമാണ്. പശ്ചിമബംഗാളിലിത് 32 ശതമാനമാണെന്നും സര്‍വെ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it