പുതിയ ഇനം ശുദ്ധജല മല്‍സ്യത്തെ കണ്ടെത്തി

ആലപ്പുഴ: ചില്ലാന്‍ കൂരിയിനത്തില്‍പ്പെട്ട പുതിയ ശുദ്ധജലമല്‍സ്യത്തെ മാവേലിക്കരയില്‍ നിന്നു കണ്ടെത്തി. മിസ്റ്റസ് കാറ്റാപോഗോന്‍ എന്നു ശാസ്ത്രീയ നാമം കൊടുത്തിരിക്കുന്ന ഈ മല്‍സ്യം ഭക്ഷ്യയോഗ്യമാണ്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ജേര്‍ണല്‍ ഓഫ് റിസര്‍ച്ച് ഇന്‍ ബയോളജിയുടെ പുതിയ ലക്കത്തിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.
പുതിയ മല്‍സ്യത്തിന്റെ നാലുജോടി മീശകള്‍ക്കും അസാധാരണമായ നീളമുണ്ട്. മേല്‍മീശ വാല്‍ച്ചിറകിനു പിറകിലോട്ട് നീണ്ടുകിടക്കുന്നു. മുകളിലുള്ള രണ്ട് ചിറകുകളും വ്യക്തമായ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാധാരണ ചിക്കന്‍ കൂരികളില്‍ നിന്നു വ്യത്യസ്തമായി ഇവയുടെ പാര്‍ശ്വങ്ങളില്‍ വര്‍ണരേഖകള്‍ ഒന്നും തന്നെയില്ല. ആഴം കുറഞ്ഞതും തെളിഞ്ഞതുമായ ജലാശയങ്ങളിലാണ് ഇവയുടെ സ്ഥാനം. സ്പീഷീസ് നാമമായ കാറ്റപഗോണ്‍ എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നാണ് എടുത്തിട്ടുള്ളത്. നീളമുള്ള മീശയുള്ളത് എന്നാണ് ഇതിന്റെ അര്‍ഥം. അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജന്‍സിയുടെ (ഐസിഇസഡ്എന്‍) അംഗീകാരവും സൂബാങ്ക് രജിസ്റ്റര്‍ നമ്പറും പുതിയ മല്‍സ്യത്തിനു ലഭിച്ചിട്ടുണ്ട്.
പുതിയ ചില്ലാന്‍ കൂരിയുടെ അഞ്ച് സാമ്പിളുകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സുവോളജിക്കല്‍ സര്‍വേ ഇന്ത്യ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൊല്ലം ചവറ ഗവ. കോളജ് സുവോളജി വിഭാഗം മേധാവി പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് മല്‍സ്യത്തെ കണ്ടെത്തിയതും ശാസ്ത്രീയനാമം നല്‍കിയതും.
Next Story

RELATED STORIES

Share it