kannur local

പുതിയ ആരോഗ്യനയം രൂപീകരിക്കും: മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് പുതിയ ആരോഗ്യ നയം രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ചെറിയ അസുഖങ്ങള്‍ക്ക് താലൂക്ക്-ജില്ലാ ആശുപത്രികളിലേക്ക് വരുന്നത് ഒഴിവാക്കാന്‍ ഇതിലൂടെയാവും.
നാട്ടിന്‍പുറത്തുകാരുടെ വിശദാംശങ്ങള്‍ സബ് സെന്ററുകളില്‍ സൂക്ഷിക്കണം. ജില്ലാ ആശുപത്രികള്‍ വിശദ പരിശോധനകള്‍ക്ക് മാത്രമാക്കും. ഡയാലിസിസ്, ട്രോമാകെയര്‍ വിഭാഗങ്ങളില്‍ സാങ്കേതിക ജ്ഞാനമുള്ളവരുടെ അഭാവം പരിഹരിക്കും. ജില്ലാ ആശുപതിയിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തും. ആശുപത്രി പരിസരം സൗന്ദര്യവല്‍ക്കരിക്കും.
എല്ലാ ജനറല്‍ ആശുപത്രികളും സൂപര്‍ സ്‌പെഷ്യാലിറ്റികളാക്കാനുള്ള ഫണ്ട് കണ്ടെത്തും. ജില്ലാ ആശുപത്രിയെ ആധുനിക സൗകര്യങ്ങളോടെ സൂപര്‍ സ്‌പെഷ്യാലിറ്റിയാക്കി ഉയര്‍ത്തും. ജില്ലാ പഞ്ചായത്ത് ആഭിമുഖ്യത്തിലുള്ള പദ്ധതികളും ആശുപത്രിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡിഎംഒ ഡോ.എം കെ ഷാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത എന്നിവരും കൂടെയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it