Middlepiece

പുതിയ അരങ്ങനുഭവങ്ങള്‍ക്കായി..?

പി എ എം ഹനീഫ്

27 ഞായര്‍ ലോക നാടകദിനം. മഹത്തായ നാടകങ്ങള്‍ ജന്മംകൊള്ളുന്നത് എപ്പോഴാണ്? ഈ നാടകദിനത്തിലെ പ്രസക്ത ചിന്തകളിലൊന്ന് നാടകലോകം വീണ്ടെടുക്കുന്നു. നമ്മുടെ, പ്രേക്ഷകരുടെ എന്ന ചുരുക്കെഴുത്തില്‍ ഒതുക്കാതെ മുഴുവന്‍ നാടിന്റെയും ഉന്മേഷം പരകോടിയിലെത്തിക്കുന്ന മഹിത ജീവിത സങ്കല്‍പങ്ങള്‍, നാഡീഞരമ്പുകളില്‍ സാഹസികത പതഞ്ഞുപതഞ്ഞൊഴുകുന്ന സാമൂഹികാന്തരീക്ഷം. ഇത്തരം അന്തരീക്ഷങ്ങളില്‍ മാത്രമേ മഹാനാടകങ്ങള്‍ വിരചിതമാവുകയുള്ളൂ. മഹത്തായ ജീവിതം എന്നത് ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് പൊങ്ങച്ചങ്ങളുടേതു മാത്രമായിരിക്കുന്നു. ജീവിത ലക്ഷ്യം എന്നതു സ്വാര്‍ഥത്തിന്റെ മാത്രം അതിരുകളില്‍ ഒതുങ്ങുന്നു. ഈ അവസ്ഥകളെ നാടകത്തിന്റെ മരണം എന്നു വിളിക്കാം. അനേകമനേകം സാംസ്‌കാരിക ധാരകളുടെ ഒത്തുചേരലുകള്‍, നിരവധി കലഹങ്ങളും വേര്‍പിരിയലുകളും. ഇന്ത്യന്‍ അവസ്ഥകളെ വളരെ ചുരുങ്ങിയ വാക്കുകളില്‍ ഈയൊരു അവസ്ഥയില്‍ നിരീക്ഷിച്ചാല്‍ ഇന്ത്യന്‍ നാടകവേദിക്കാണ് ഇവയൊക്കെയും ആഘാതങ്ങളായത്. ലോകത്ത് ഒരു നാടകവേദിക്കും ഇന്ത്യന്‍ നാടകവേദിയുടെ, പ്രത്യേകിച്ചു സമ്പന്നമായ സംസ്‌കൃത നാടകവേദിയുടെ ഏഴയലത്തെത്താന്‍ സാധിച്ചിരുന്നില്ല. കൂടിയാട്ടവും കൂത്തും തെരുക്കൂത്തുമൊക്കെ ജനകീയ നാടകവേദിയുടെ ഭാഗമാവുന്നതിനപ്പുറം ഇന്നു മ്യൂസിയം പീസുകളായോ ചിലര്‍ക്കു വിദേശത്ത് ഇറക്കുമതിച്ചുങ്കം നല്‍കാതെ ഉപജീവനാര്‍ഥം കളിക്കാനുള്ളതോ ആയി മാത്രം ചുരുങ്ങി. വാണിജ്യ കുത്തകകളായ വിദേശികളിലൂടെ കടന്നുവന്ന പാഴ്‌സി നാടക സമ്പ്രദായങ്ങളും വിക്ടോറിയന്‍ തിയേറ്ററും നമുക്കിന്ന് ഓര്‍ത്തെടുക്കാനേ ആവുന്നില്ല. ജനോവ നാടകങ്ങള്‍, കാറല്‍ മാന്‍ ചരിതങ്ങളൊക്കെ മലയാളത്തിന്റെ തനതു നാടോടി സമ്പ്രദായമായ കളരിപ്പയറ്റില്‍ നിന്നു സ്വാംശീകരിച്ചതാണ്. ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍) 1940കളില്‍ കലാകാരന്റെ യഥാര്‍ഥ പക്ഷം ഇടത് എന്നു പ്രഖ്യാപിച്ച് ആരംഭിച്ച പ്രക്ഷോഭ നാടകവേദിയുടെ മേനികുറഞ്ഞ അനുകരണങ്ങളായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജന ജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി റിയലിസ്റ്റിക് നാടകങ്ങള്‍. നാടകത്തിലെ റിയലിസം പ്രബന്ധവിഷയമാക്കിയപ്പോള്‍ കുട്ടികൃഷ്ണ മാരാര്‍-വലതുപക്ഷക്കാരനെന്നത് ഓര്‍ക്കുക-കമ്മ്യൂണിസ്റ്റ് നാടകങ്ങള്‍ക്കു മാറ്റ് കുറച്ചുകണ്ടു. കാരണം, ധ്വന്യാത്മകമല്ല ആ ജനകീയ നാടകങ്ങള്‍ എന്നു മാരാര്‍ ചൂണ്ടിക്കാട്ടി. സ്റ്റേജില്‍ വയലും ചായക്കടയും ഡിസ്‌പെന്‍സറിയും കന്നുകാലിത്തൊഴുത്തും അതതു വര്‍ഷങ്ങളിലെ കലണ്ടറും പ്രദര്‍ശിപ്പിച്ചു റിയലിസ കെട്ടുകാഴ്ചകളെ മാരാരെപ്പോലൊരു നിശിത വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയതിന് ഇടതുപക്ഷത്തുനിന്നു മുദ്രാവാക്യ സമാന മറുപടികള്‍ വേണ്ടത്ര ഉണ്ടായി. പക്ഷേ, ആ നാടകങ്ങളൊന്നും കാലാതിവര്‍ത്തികളായില്ല എന്നുതന്നെയാണു കാലം നല്‍കുന്ന പാഠം. പില്‍ക്കാലം പുതു ചിന്തകള്‍ അരങ്ങുണര്‍ത്തി. നാടകത്തിനു പുതിയ കളരി സമ്പ്രദായങ്ങളുണ്ടായി. യൂറോപ്യന്‍ രീതികള്‍ ഇന്ത്യയില്‍ പറിച്ചുനടപ്പെട്ടു. ഗ്രോട്ടോവ്‌സ്‌കിയുടെ “ഹോളി തിയേറ്ററും അഗസ്‌തോ ബോളിന്റെ വിയര്‍പ്പും ചോരയും മണക്കുന്ന നാട്യാനുഭവങ്ങളും കാംപസുകളില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഒട്ടേറെ പുതുമകള്‍, അതിലേറെ നവ്യമായ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ തിയേറ്ററിലുണ്ടായി. ഹബീബ് തന്‍വീര്‍, ഇബ്രാഹീം അല്‍ഖാസി, ജബ്ബാര്‍ പട്ടേല്‍ തുടങ്ങി ഇന്ത്യന്‍ നാടകവേദിയുടെ അമരന്മാരായ സംവിധായകര്‍ നാടകത്തെ ടോട്ടല്‍ തിയേറ്റര്‍ സമ്പ്രദായങ്ങളിലൂടെ പൊളിച്ചെഴുതി. ഈ നാടക ദിനത്തിലും പ്രസക്തമാവുന്നത് ടോട്ടല്‍ തിയേറ്റര്‍ സമ്പ്രദായങ്ങള്‍ക്കു മറ്റൊരു നവീന ദര്‍ശനം നടനിലൂടെ, നാട്യത്തിലൂടെ, ജനതയെ പാഠം മാത്രം പഠിപ്പിക്കുന്ന സങ്കേതങ്ങളിലൂടെ ആവിഷ്‌കരിക്കാമോ എന്നതുതന്നെയാണ്. ഒരു ഇസ്‌ലാമിക് തിയേറ്ററിനു പോലും പുതു നൂറ്റാണ്ടില്‍ പ്രസക്തിയുണ്ട്. അറേബ്യന്‍ ഗോത്രാചാരങ്ങളും കാലിഗ്രഫി ചിത്രസമ്പ്രദായവും സൂഫി ദൃശ്യബോധങ്ങളും സംഗീതവും ചാലിച്ചുണര്‍ത്താവുന്ന ഇസ്‌ലാമിക് തിയേറ്റര്‍ എന്നത് ഇന്ത്യന്‍ നാടക പാരമ്പര്യങ്ങളുടെ നിലപാടുതറയില്‍ നിന്നുതന്നെ പുതുജന്മം നല്‍കി അരങ്ങനുഭവമാക്കാം.                           $
Next Story

RELATED STORIES

Share it