malappuram local

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രീന്‍ പ്രോട്ടോകോള്‍

മഞ്ചേരി: പുതിയ അധ്യന വര്‍ഷത്തെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് അധ്യാപകര്‍ക്കുള്ള അവധിക്കാലത്തെ പ്രത്യേക പരിശീലനങ്ങള്‍ക്കു തുടക്കം. അധ്യയന വര്‍ഷാരംഭത്തിനു മുന്നോടിയായുള്ള പരിശീലനങ്ങള്‍ മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ക്ലാസുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് ഇതിന്റെ ഭാഗമായി കടലാസുകൊണ്ടു നിര്‍മിച്ച പേനകളും പുസ്തകങ്ങളുമാണ് നല്‍കുന്നത്. സൗജന്യ യൂണിഫോമുകളും പാഠപുസ്തകങ്ങളും വിതരണം ചെയ്തുകഴിഞ്ഞു. മഞ്ചേരി ബിആര്‍സിക്കു കീഴില്‍ അഞ്ചു കേന്ദ്രങ്ങളിലായാണ് പരിശീലനം. ഓരോ അധ്യാപകരും എട്ടു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള പരിശീലനത്തില്‍ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക ഊന്നല്‍ നല്‍കി ‘ഹലോ ഇംഗ്ലീഷ്’ പരിശീലനവും നടക്കുന്നുണ്ട്. രണ്ടു ഘട്ടങ്ങളിലായി വിദ്യാഭ്യാസ ഉപജില്ലയിലെ 1200 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കും. മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. യുപി സ്‌ക്കൂള്‍, വീമ്പൂര്‍ ഗവ. യുപി സ്‌കൂള്‍, തൃക്കലങ്ങോട് എംയുപി സ്‌കൂള്‍, പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. അടുത്ത മാസം ഏഴു മുതല്‍ രണ്ടാംഘട്ട പരിശിശീലനവും നടക്കും. അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം മഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭ ഉപാധ്യക്ഷന്‍ വി പി ഫിറോസ് നിര്‍വഹിച്ചു. എഇഒ കെ എസ് ഷാജന്‍ അധ്യക്ഷത വഹിച്ചു.
ബിപിഒ മോഹനരാജന്‍, നഗരസഭ കൗണ്‍സിലര്‍ കൃഷ്ണദാസ് രാജ, ജയശ്രീ, മോഹനന്‍, സി പി കൃഷ്ണകുമാര്‍, ജോമോന്‍ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it