Kottayam Local

പുതിയ അധ്യയന വര്‍ഷത്തിന് ഒരുങ്ങി സ്‌കൂളുകള്‍



എരുമേലി: പുതിയ അധ്യായന വര്‍ഷത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂള്‍ മോടി പിടിപ്പിക്കുന്നതിന്റെ തരിക്കിലാണ് അധികൃതര്‍.എരുമേലി പഞ്ചായത്തില്‍ പഞ്ചായത്ത് തല പ്രവേശനോ ല്‍സവം നെടുംകാവ് വയല്‍ ഗവ.എല്‍പി സ്‌കൂളിലാണ്. ഇവിടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. പെയിന്റ് ചെയ്ത് മനോഹരമാക്കി കൊണ്ടിരിക്കുകയാണ് സ്‌കൂളുകളെല്ലാം. ചോരുന്ന മേല്‍ക്കൂരകള്‍ ഇത്തവണ ഒരു  സ്‌കൂളിലും കാണരുതെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പഴക്കം ചെന്ന മേല്‍ക്കൂരകള്‍ മാറ്റി സുരക്ഷിതമാക്കി കൊണ്ടിരിക്കുകയാണ് സ്‌കൂളുകളില്‍. പഴകിയ ബെഞ്ചും ഡസ്‌കുമൊക്കെ മാറ്റി പുതിയത് ഇടണം. മാത്രമല്ല ഹൈടെക് ആയിരിക്കണം ക്ലാസ് മുറികള്‍. ആദ്യ ദിനം മുതലെ ഉച്ച ഭക്ഷണം നല്‍കണം. പഴകിയ ധാന്യങ്ങള്‍ പാടില്ല. പച്ചക്കറികള്‍ വിഷരഹിതമായിരിക്കണം. ജൈവ വളം ഉപയോഗിച്ച് സ്‌കൂളില്‍ നിന്ന് തന്നെ പച്ചക്കറികള്‍ കൃഷി ചെയ്യണം. ഇതിനായി 10000 രൂപ വരെ കൃഷി വകുപ്പ് നല്‍കും.10 സെന്റ് സ്ഥലമെങ്കിലും അടുക്കള തോട്ടത്തിനായി നീക്കിവെക്കണം. ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നും കൃഷി നടത്താം. സ്‌കൂള്‍ പാചകശാലകള്‍ എല്‍പിജി സംവിധാനത്തിലായിരിക്കണം.ഹോര്‍ട്ടി കോര്‍പ് വഴി പച്ചക്കറി വാങ്ങണം. അരി നല്‍കുന്നത് സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നാണ്. പുസ്തകങ്ങളുടെ വിതരണം പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ആയിരിക്കണം യൂനിഫോം ആയി നല്‍കേണ്ടത്. തുണികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സൗജന്യമാണ്. ഒരു തരത്തിലുമുളള ഫീസുകള്‍ ഈടാക്കരുത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം ഇത്തവണ നിര്‍ബന്ധമാണ്. ഇതിനെല്ലാമായി പ്രധാന അധ്യാപകരെല്ലാം ഇപ്പോള്‍  നെട്ടോട്ടത്തിലാണ്. യൂനിഫോം വാങ്ങാനും പുസ്തകങ്ങള്‍ ഉറപ്പാക്കാനും സ്‌കൂള്‍ മോടി പിടിപ്പിക്കാനും കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും പ്രധാന അധ്യാപകര്‍ ഇടപെട്ടേ മതിയാകൂ. കുട്ടികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ഫിറ്റ്‌നെസ് നേടിയതായിരിക്കണം. വാഹനം ഓടിക്കുന്നത് പോലിസും മോട്ടോര്‍ വാഹനവകുപ്പും നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാരാണെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.  വിദ്യാര്‍ഥിയും അധ്യാപകനും ഓരോ മഴക്കുഴി നിര്‍മിക്കണം. ഓരോ വൃക്ഷതൈയ്യും നട്ടുപിടിപ്പിച്ച് വളര്‍ത്തണം. ഇങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ടത്. ഇനിയുളള കുറഞ്ഞ ദിവസത്തിനുളളില്‍ എല്ലാം സാധ്യമാക്കാന്‍ തിരക്കില്‍ മുങ്ങിയിരിക്കുകയാണ് സ്‌കൂളുകള്‍ അധികൃതര്‍.
Next Story

RELATED STORIES

Share it