palakkad local

പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ 20 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍



പാലക്കാട്: ജില്ലയിലെ 20  വിദ്യാലയങ്ങളില്‍ എം ബി രാജേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച്  നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് തുറന്ന് നല്‍കും. 3.10 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിച്ചത്. കെട്ടിട നിര്‍മാണം ഏറ്റെടുത്ത ‘നിര്‍മിതി’ 2.78 കോടി ചെലവിലാണ് പണി പൂര്‍ത്തിയാക്കിയത്. ലാപ്‌ടോപ്പും പ്രൊജക്റ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും 33 ലക്ഷം രൂപ ചെലവിട്ട് വാങ്ങി. കെല്‍ട്രോണിനാണ് ഇതിന്റെ ചുമതല. എം ബി രാജേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ക്ലാസ് റൂമുകള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് അറിയിച്ചത്. ഭിന്നശേഷിയുള്ള 25 പേര്‍ക്ക് ഈ മാസം അവസാനത്തോടെ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സാമൂഹിക നീതി വകുപ്പിന് എംപി നിര്‍ദേശം നല്‍കി. പട്ടാമ്പിയില്‍ പഴയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിച്ച് റെയില്‍വെ സ്‌റ്റേഷന് കുറുകെ നടപ്പാലം നിര്‍മിക്കുന്നതിന് ആവശ്യമായ പദ്ധതി നിര്‍വഹണ തുക സംബന്ധിച്ച് എസ്റ്റിമേറ്റ് നല്‍കാന്‍ എംപി റെയില്‍വെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഷൊര്‍ണ്ണൂര്‍, പാലക്കാട് റെയില്‍വെ സ്റ്റേഷനുകളില്‍ പ്രായമായവര്‍ക്കും ‘ഭിന്നശേഷിക്കാര്‍ക്കും ഉപയോഗിക്കാവുന്ന ബാറ്ററി കാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെ റെയില്‍വെ കണ്ടെത്തിയാല്‍ ബാറ്ററി കാറുകള്‍ അനുവദിക്കുമെന്നും എംപി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയാല്‍ ബില്ലുകള്‍ കാലതാമസം കൂടാതെ നല്‍കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാകൂവെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it