palakkad local

പുതിയസര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ കമ്പനി

കഞ്ചിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധ സമീപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന പ്രതീക്ഷയില്‍ തൊഴിലാളികള്‍.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ നഷ്ടത്തിലായ രാജസ്ഥാനിലെ കോട്ട യൂനിറ്റിലേക്ക് ലയിപ്പിച്ച് ലാഭം കൊള്ളയടിക്കുന്നതോടെ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്റെ ലാഭം ഇല്ലാതാകുകയാണ്. ഇതോടെ നഷ്ടത്തിലുള്ള കമ്പനികളുടെ പട്ടികയില്‍ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനേയും പെടുത്തി പൂട്ടാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികളും തൊഴിലാളികളും കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. ഇതേ തുടര്‍ന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ജീവനക്കാര്‍.
രാജസ്ഥാനിലെ കോട്ടയിലാണ് ഇന്‍സ്ട്രുമെന്റേഷന്റെ ആസ്ഥാനം. അവിടെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെ നഷ്ടത്തിലായതോടെ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വല്‍ക്കരിച്ചു കഴിഞ്ഞു. വര്‍ഷങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോട്ട യൂനിറ്റ് നിലനിര്‍ത്താനായി ലാഭത്തിലുള്ള കഞ്ചിക്കോട് യൂനിറ്റിന്റെ വരുമാനം കോട്ട യൂനിറ്റിലേക്ക് ലയിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അവിടത്തെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ തുടങ്ങിയത്.
കഞ്ചിക്കോട് യൂനിറ്റിന്റെ ലാഭം കോട്ട യൂനിറ്റിലേക്ക് ലയിപ്പിച്ചതോടെ ഈ യൂണിറ്റും നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലായി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും സ്വകാര്യവല്‍കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ കഞ്ചിക്കോട് യൂനിറ്റിന്റെ ഭാവിയും ആശങ്കയിലായി. കമ്പനി പൂട്ടാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ ശക്തമായ സമരവും തുടങ്ങിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തില്ല. കഴിഞ്ഞ സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തന്ത്രമായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.
മുന്നൂറിലധികം സ്ഥിരം തൊഴിലാളികളും കമ്പനിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ആയിരത്തിലധികം മറ്റ് തൊഴിലാളികളുമുണ്ടെന്നിരിക്കെ കമ്പനി പൂട്ടിയാല്‍ ഇവരുടെ ജീവിതം പ്രതിസന്ധിയിലാകും.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ പി ജയരാജന്‍ എന്നിവര്‍ക്ക് തൊഴിലാളി സംഘടനാ നേതാക്കള്‍ എം ബി രാജേഷ് എം.പിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു.
ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരില്‍നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജീവനക്കാരും അവരുടെ കുടുംബവും. അഞ്ചു മുതല്‍ ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്തവര്‍ ഇന്‍സ്ട്രുമെന്റേഷനിലുണ്ട്.
Next Story

RELATED STORIES

Share it