kozhikode local

പുതിയപാലം: വാഹന ഗതാഗതം നിരോധിക്കും

കോഴിക്കോട്: പുതിയപാലത്തെ അപകട ഭീഷണി നേരിടുന്ന പാലത്തിലൂടെയുളള വാഹന ഗതാഗതം ഡിസംബര്‍ 9 മുതല്‍ നിരോധിക്കാന്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയ കക്ഷി പ്രതിനിധികളൂടെയും യോഗം തീരുമാനിച്ചു. കാല്‍ നടയാത്രയും പരിമിതപ്പെടുത്തും. കൂട്ടത്തോടെ നടക്കുന്നതും നിയന്ത്രിക്കും. പാലം അത്യധികം അപകട നിലയിലാണെന്ന ഇറിഗേഷന്‍ വകുപ്പിന്റേയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാലത്തിന്റെ രണ്ട് ഭാഗത്തേയും റാമ്പുകള്‍ ഒഴിവാക്കി പടികള്‍ കെട്ടാനും തീരുമാനിച്ചു. ഇതിന്റെ പ്രവൃത്തി രണ്ടു ദിവസത്തിനകം നടക്കും. പാലത്തില്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവിടെ താല്‍ക്കാലിക പാലം ജനകീയമായി നിര്‍മ്മിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ 12ന് ആറിന് വ്യാപാരഭവനില്‍ യോഗം ചേരും. താല്‍ക്കാലിക പാലം ജനകീയ കൂട്ടായ്മയിലൂടെ നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നിരുന്നു. ഇതു സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യാനാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍കുട്ടി, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി  അജിത്കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it