World

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വഌദിമിര്‍ പുടിന് ജയം. തുടര്‍ച്ചയായി നാലാം തവണയാണ് പുടിന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 76.68 ശതമാനവും നേടിയ പുടിന്  2024 വരെ പ്രസിഡന്റായി തുടരാം.
ആറു വര്‍ഷത്തേക്കു കൂടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതല്‍ കാലം റഷ്യ ഭരിക്കുന്ന നേതാവായിരിക്കും 71കാരനായ പുടിന്‍. തിങ്കളാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്.
ഫലസൂചനകള്‍ പുറത്തുവന്നതോടെ നടത്തിയ റാലിയില്‍ പുടിന്‍ വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും പടിഞ്ഞാറന്‍ ശക്തികള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 1999 മുതല്‍ അധികാരത്തില്‍ തുടരുന്ന പുടിന്‍ ഇതുവരെ ലഭിച്ചതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തിനാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.
പുടിന്റെ പ്രധാന വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നല്‍വനിയെ മല്‍സരിക്കുന്നതില്‍ നിന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. മറ്റ് ഏഴുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പവേല്‍ ഗ്രുഡിനിന്‍ 11.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.
നാലാമതും അധികാരത്തിലെത്തിയ പുടിനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് അഭിനന്ദിച്ചു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍  മൗനം പാലിച്ചു.
ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഇറാന്‍, കസാഖിസ്താന്‍, വെനിസ്വേല, ക്യൂബ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളും പുടിനെ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it