പുഞ്ചിരിയോടെ രോഗത്തെ നേരിട്ട ജിഷ്ണുവിന് മടക്കം

കൊച്ചി: കടുത്ത രോഗബാധിതനായപ്പോഴും ചിരിച്ചുകൊണ്ട് മരണത്തെ വരവേറ്റ മലയാളിയുടെ പ്രിയതാരം ജിഷ്ണു സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും ആരാധകര്‍ക്കൊപ്പം നിന്നു. കാന്‍സര്‍ ബാധയേറ്റ് നിരവധി തവണ ആശുപത്രിയില്‍ ചികില്‍സയിലായപ്പോഴും എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന അനുഭവം പങ്കുവയ്ക്കുന്നതായിരുന്നു ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍. ഈ മാസം ആദ്യവാരത്തിലാണ് കടുത്ത രോഗത്തിന്റെ പിടിയിലാണ് താനെന്നും ഐസിയുവിലാണെന്നും ജിഷ്ണു കുറിച്ചത്. താനിപ്പോള്‍ ഐസിയുവിലാണ്. എന്നാല്‍ പേടിക്കേണ്ടതില്ല. ഐസിയു രണ്ടാമത്തെ വീടാണ്. ഇവിടെ രസമാണ്. ഡോക്ടര്‍മാര്‍ റൗണ്‍സിന് വരുമ്പോള്‍ ഞാനുറങ്ങുകയാവും. പെട്ടെന്ന് എഴുന്നേറ്റ് അവര്‍ക്ക് നല്ല ചിരി സമ്മാനിക്കുകയും ചെയ്യും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത്  അവരെ ചികില്‍സിക്കാന്‍ ഒരു ഊര്‍ജം പകരുമെന്ന് ഡോക്ടര്‍ പറഞ്ഞു. എല്ലാ വേദനകളെയും മറക്കാന്‍ ചിരി സഹായിക്കും. ഐസിയുവില്‍ വേദന കുറയ്ക്കുന്നതിനുള്ള ചികില്‍സ ചെയ്യുമ്പോഴും ഞാന്‍ പുഞ്ചിരിക്കും. ഇത് അവിടത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റും. ചിരിയെന്നത് ഒരു മാജിക്കാണ്. എല്ലാവരും ഇതോര്‍ക്കണമെന്നും ജിഷ്ണു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രണ്ടാഴ്ച മുമ്പ് കുറിച്ചു. രോഗം മൂര്‍ഛിച്ചിട്ടും തളരാതെ പിടിച്ചുനിന്ന ജിഷ്ണുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു.   പലസമയത്തും ജിഷ്ണുവിന്റെ മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 2014ല്‍ ജിഷ്ണു മരിച്ചുവെന്ന വാര്‍ത്ത ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പരുന്നു. എന്നാല്‍, ഉടന്‍ താരംതന്നെ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത്‌വന്നു. പിന്നെയും നിരവധി തവണ ഇത്തരം പ്രചാരണം വന്നപ്പോഴും ജിഷ്ണുതന്നെ ആത്മവിശ്വാസത്തോടെ അതിനെ പ്രതിരോധിച്ചു. കാന്‍സറിന്റെ പിടിയില്‍ നിന്നും തിരിച്ചുവരുന്നതായി ജിഷ്ണു ഒരിക്കല്‍ കുറിച്ചിരുന്നു. തനിക്ക് കാന്‍സറാണെന്ന് ജിഷ്ണു തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. രോഗശേഷമുള്ള ഫോട്ടോകളും ജിഷ്ണുതന്നെ സോഷ്യല്‍മീഡിയകളില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനിടെ കാന്‍സറിനുള്ള പ്രക്യതി ചികില്‍സയെയും നടന്‍ സോഷ്യല്‍മീഡിയയിലൂടെ എതിര്‍ത്തു. കലഭാവന്‍ മണി മരിച്ചപ്പോഴും താന്‍ മണിയുമായി ചിലവഴിച്ച നിമിഷങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. നല്ല നിമിഷങ്ങളായിരുന്നു അതെന്നും ജിഷ്ണു വിവരിച്ചു. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ സന്ദേശം പങ്കുവച്ചതാണ് അവസാനമായി ജിഷ്ണു ഫെയ്‌സബുക്കിലിട്ട പോസ്റ്റ്. ജിവിതത്തിന്റെ സന്തോഷ നിമിഷങ്ങളെല്ലാം സുഹ്യത്തുക്കളുമായി പങ്കുവയ്ക്കാന്‍ ജിഷ്ണു എപ്പോഴും ശ്രമിച്ചിരുന്നു.
Next Story

RELATED STORIES

Share it