Idukki local

പുക പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി



അടിമാലി: ഹൈറേഞ്ചില്‍ പുക പരിശോധന നടത്താതെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങള്‍ വ്യാപകമാവുന്നതായി പരാതി. സോഫ്‌റ്റ്വെയറില്‍ കൃത്രിമം കാട്ടിയാണ് പുക പരിശോധന നടത്താതെ വാഹനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സോഫ്‌റ്റ്വെയറില്‍ പുകയുടെ അളവ് കൃത്രിമമായി അടിച്ചു ചേര്‍ത്താണ് തട്ടിപ്പ്.വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം മാത്രം പകര്‍ത്തിയ ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും വ്യാപകമാണ്. അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളില്‍ ഇത്തരം വ്യാജ പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ഇവയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഡീസല്‍ മോക് ടെസ്റ്റ് മെഷീനും ഫോര്‍ഗ്യാസ് അനലൈസര്‍ മെഷീനുമാണ് പുകപരിശോധന നടത്താന്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ഇവ രണ്ടും പ്രവര്‍ത്തിപ്പിക്കാതെ പുകപരിശോധന നടത്താന്‍ വരുന്ന വാഹന ഉടമകളുടെ മുന്നില്‍ പേരിനൊരു പരിശോധന നടത്തിയ ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വാഹനപ്പുക പരിശോധനാകേന്ദ്രങ്ങളില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് നേരത്തേ തന്നെ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. നിയമലംഘനം നടത്തിയവര്‍ക്ക് സ്‌റ്റോപ് മെമ്മോ നല്‍കുമെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അനധികൃത പുകപരിശോധനാ കേന്ദ്രങ്ങള്‍ക്ക് തടയിടാനായിട്ടില്ല. പരിസരമലിനീകരണം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമായാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ പുക പരിശോധന കര്‍ശനമാക്കിയത്. അനുവദനീയ അളവില്‍ കൂടുതലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ വാഹനങ്ങളില്‍ നിന്നു പുറന്തള്ളുന്നത് അതീവ ഗുരുതരമാണ്. പുക പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുള്ള വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂയെന്നാണ് ചട്ടം.   പല വാഹനങ്ങളുടെയും നില പരിതാപകരമാണെങ്കിലും കൂടുതല്‍ പണം കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ദുരവസ്ഥയാണുള്ളത്. നഗരത്തില്‍ തന്നെ കാര്യമായ പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റു നല്‍കുന്ന ഒന്നിലധികം സ്ഥാപനങ്ങളുണ്ട്.െ്രെഡവിങ് സ്‌കൂളുകാരും ഇടനിലക്കാരും വാഹനങ്ങള്‍ ഹാജരാക്കാതെ  ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുന്നതായാണ് ആക്ഷേപം. മോട്ടോര്‍വാഹന വകുപ്പും പോലിസും ഇക്കാര്യത്തില്‍  ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യം ഇതോടെ ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it