പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം: കഴിഞ്ഞ വര്‍ഷം പിഴ ഈടാക്കിയത് 16.41 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പുകയില ഉപയോഗിക്കുന്നവരില്‍ നിന്ന് 16.41 കോടി രൂപ പിഴ ഈടാക്കിയതായി കേരള പോലിസിന്റെ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള കണക്കാണിത്. ഡിസംബറിലെ കണക്കു കൂടി വരുമ്പോള്‍ ഇത് 17 കോടി കവിയും.
2014 നേക്കാള്‍ അഞ്ച് കോടി രൂപ അധിക വരുമാനമാണ് പിഴ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. 2014ല്‍ 11.33 കോടി രൂപയാണ് പിഴ ഇനത്തില്‍ ലഭിച്ചത്. ഏറ്റവും അധികം പിഴ ഈടാക്കിയത് പൊതു നിരത്തില്‍ പുകവലിച്ചവരില്‍ നിന്നാണ്. 15,35,33,400 രൂപയാണ് ഇതുമായി ബന്ധപ്പെട്ട് ഈടാക്കിയിരിക്കുന്നത്. പൊതു നിരത്തിലെ പുകവലി നിയമം ലംഘിച്ചവരില്‍ ഏറ്റവും കൂടുതല്‍ പിഴ ഒടുക്കിയത് കണ്ണൂര്‍ ജില്ലയാണ്. പതിനൊന്ന് മാസം കൊണ്ട് 64,60,000 രൂപയാണ് പിഴയൊടുക്കിയത്. രണ്ടാംസ്ഥാനത്ത് മലപ്പുറം ജില്ലയാണ്. 30,64,650 രൂപ. ഏറ്റവും കുറവ് പിഴയൊടുക്കിയ ജില്ല ആലപ്പുഴയാണ്. 7,37,600 രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്ന് സര്‍ക്കാരിന് ലഭിച്ചത്.
പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധനം ലംഘിക്കല്‍ (സെക്ഷന്‍-4), പുകയില ഉല്‍പന്നങ്ങളുടെ പരോക്ഷ പരസ്യം, പ്രമോഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് (സെക്ഷന്‍-5), പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നിരോധനം (സെക്ഷന്‍-6 എ), ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന് നൂറുവാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിക്കുന്ന (സെക്ഷന്‍-6 ബി), ആരോഗ്യ മുന്നറിയിപ്പുകളും നിര്‍ബന്ധമായും ചിത്രീകരണം (സെക്ഷന്‍-7) എന്നീ നിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് പിഴ ഈടാക്കിയത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം പുകയില ഉല്‍പനങ്ങള്‍ വിപണനം ചെയ്യരുതെന്ന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് 61,79,044 രൂപയും പ്രായപൂര്‍ത്തിയാവാത്തവര്‍ പുകയില ഉല്‍പന്നങ്ങള്‍ കൈവശം വച്ചതുമായി ബന്ധപ്പെട്ട് 40,02,166 രൂപയും പിഴയായി സര്‍ക്കാര്‍ ഖജനാവില്‍ വന്നു ചേര്‍ന്നു. പുകയില ഉല്‍പനങ്ങളുടെ പരസ്യ പ്രചാരണം നടത്തിയതിന് 2,07,400 രൂപയും പുകയില ഉല്‍പന്നങ്ങളില്‍ ആരോഗ്യപരമായ മുന്നറിയിപ്പ് നല്‍കാതിരുന്നതിന് 1,91,400 രൂപയും പിഴ ഈടാക്കി.
Next Story

RELATED STORIES

Share it