Flash News

പുകമഞ്ഞ് ; ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹം



ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തു രൂപപ്പെട്ട കനത്ത പുകമഞ്ഞ് രണ്ടാം ദിവസവും തുടര്‍ന്നതോടെ ജനജീവിതം ദുസ്സഹമായി. പുകമഞ്ഞ് ദിവസം മുഴുവന്‍ നീണ്ടുനിന്നെങ്കിലും ഇന്നലെ രാവിലെയാണു കൂടുതല്‍ ശക്തമായത്. അന്തരീക്ഷ ഈര്‍പ്പത്തിന്റെ അളവ് 98 ശതമാനമെന്ന റെക്കോര്‍ഡ് നിലയിലെത്തിയ ഇന്നലെ രാവിലെ അന്തരീക്ഷ ഊഷ്്മാവ് 14 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അന്തരീക്ഷ മലിനീകരണം കനത്തതോടെ ജനങ്ങള്‍ ശ്വസന സംബന്ധിയായ ബുദ്ധിമുട്ട് നേരിടുന്നതായും റിപോര്‍ട്ടുകളുണ്ട്. കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തി. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും വാഹന ഉപയോഗവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതു വര്‍ധിച്ചതുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്കു കാരണമെന്നും ഇതു ഡല്‍ഹിയിലെ ജനങ്ങളെയാണു ബാധിച്ചതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസ് അറിയിച്ചു. ഞായറാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഉപമുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ശക്തമായ പുകമഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്നു നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചതായും റിപോര്‍ട്ടുകളുണ്ട്.സ്ഥിതിഗതികള്‍ ഗുരുതരമായതോടെ ഡല്‍ഹിയില്‍ പാര്‍ക്കിങ് ഫീസ് നാലിരട്ടിയാക്കണമെന്നും കുറച്ചു ദിവസത്തേക്കെങ്കിലും മെട്രോ നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കണമെന്നും മലിനീകരണ നിയന്ത്രണ അതോറിറ്റി സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. സുപ്രിംകോടതിയാണ് പ്രത്യേക പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയെ നിയോഗിച്ചത്. അതേസമയം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെയും ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെയും സന്ദര്‍ശിക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. രാജ്യ തലസ്ഥാനം ഒരു ഗ്യാസ് ചേംബറായി മാറിയെന്നും പ്രശ്‌നത്തിനു പരിഹാരം കാണേണ്ടതുണ്ടെന്നും ഇരുമുഖ്യമന്ത്രിമാര്‍ക്കുമയച്ച കത്തില്‍ കെജരിവാള്‍ ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിക്കു പ്രധാന കാരണം ഇരു സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ്. അവര്‍ക്കു മറ്റു വഴികളില്ലാത്തതിനാലാണ് അവര്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനു സുശക്തമായ നടപടികള്‍ കൈക്കൊള്ളുകയാണു പോംവഴി. ഇതിനായി ഇരു സംസ്ഥാനങ്ങളുമായും സഹകരിക്കാന്‍ തയ്യാറാണ്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി കൂടിക്കാഴ്ച നടത്തണം. ഇതിനായി തന്റെ ഓഫിസിലേക്കു വരികയോ, താന്‍ അതതു ഓഫിസിലേക്ക് വരികയോ ചെയ്യാമെന്നും കെജരിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മലിനീകരണം രൂക്ഷമായതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it