Articles

പീസ് സ്‌കൂള്‍: സംഭവിക്കുന്നതെന്ത്?

എം എം അക്ബര്‍

എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിന് മുഖ്യമന്ത്രി ഉത്തരവിട്ടുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് മനസ്സിലാവുന്നില്ല. ഇസ്‌ലാമിക് സ്റ്റഡീസ് പഠിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന ഭാഗമുണ്ട് എന്നതാണ് അടച്ചുപൂട്ടല്‍ ഉത്തരവിനുള്ള കാരണമെന്നാണ് മാധ്യമങ്ങളിലുള്ളത്. പ്രായോഗിക പരിശീലനത്തിലൂടെയുള്ള ഇസ്‌ലാമികാധ്യാപനങ്ങളുടെ ബോധനത്തിന് അനുഗുണമായ പുസ്തകങ്ങള്‍ എന്ന നിലയിലാണ് പീസ് സ്‌കൂളുകള്‍ ബുറൂജ് ഇസ്‌ലാമിക് സ്റ്റഡീസ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിലെ ആയിരത്തോളം വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്ന പുസ്തകമാണിത്. ഇവ പീസ് സ്‌കൂളുകള്‍ക്ക് മുമ്പുതന്നെ കേരളത്തിലെ നിരവധി വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുമുണ്ട്. ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ചൊല്ലേണ്ട ശഹാദത്ത് കലിമയെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു ആക്റ്റിവിറ്റിയാണ് ആരോപണവിധേയമായിരിക്കുന്നത്. ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ടത് രണ്ട് ശഹാദത്തു കലിമകളാണെന്ന് കുട്ടികളെ പഠിപ്പിക്കുക മാത്രമാണ് ഈ പാഠഭാഗം ചെയ്യുന്നത്. ഇക്കാര്യം പ്രസാധകരായ മുംബൈയിലെ ബുറൂജ് റിയലൈസേഷന്‍ വ്യക്തമാക്കുകയും അവരുടെ ട്രെയിനിങ് മാന്വലില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും, രണ്ടാംതരത്തിലെ കുട്ടികളുടെ ബൗദ്ധികനിലവാരത്തിന് അനുയോജ്യമല്ല എന്നതിനാല്‍ ഈ ആക്റ്റിവിറ്റി പഠിപ്പിക്കേണ്ടതില്ലെന്ന് പീസ് ഫൗണ്ടേഷന്‍ നേരത്തേ തന്നെ സ്‌കൂളുകളെ അറിയിച്ചിട്ടുണ്ട്. പീസ് സ്‌കൂളുകളിലൊന്നും ഈ പാഠഭാഗം പഠിപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതാണ്. ആരോപണമുണ്ടായതോടെ ബുറൂജിന്റെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് പീസ് ഫൗണ്ടേഷന്‍ തീരുമാനിക്കുകയും സ്‌കൂളുകളില്‍ നിന്ന് പ്രസ്തുത പുസ്തകം പിന്‍വലിക്കുകയും ചെയ്തു. നല്ല പൗരന്‍മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂളിനെതിരേ എന്നിട്ടും എന്തുകൊണ്ടാണ് നടപടിയെന്ന് മനസ്സിലാവുന്നില്ല. ദേശീയോദ്ഗ്രഥനത്തിന് മുന്നില്‍ നടക്കുന്നവരെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള സംരംഭങ്ങളൊന്നും മുസ്‌ലിം സമുദായത്തില്‍ നിന്ന്   ഉണ്ടായിവന്നുകൂടാ എന്നാണോ പീസ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ വിചാരിക്കുന്നത്? നാടിനെ സ്‌നേഹിക്കാനും നാട്ടുകാര്‍ക്ക് നന്മ ചെയ്യാനും മാത്രം പഠിപ്പിക്കുന്ന സ്ഥാപനത്തിനെതിരേയുള്ള ഇത്തരം നടപടികള്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെയല്ലാതെ സന്തോഷിപ്പിക്കില്ല, തീര്‍ച്ച. ഒരു പതിറ്റാണ്ടോളമായി കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളാണ് പീസ് സ്‌കൂളുകള്‍. നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനാവശ്യമായ ബൗദ്ധിക സഹായങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്ഥാനമാക്കി 2007 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു കൂട്ടായ്മയാണ് പീസ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍. ഓരോ വിഷയത്തിലുമുള്ള പാടവങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള നല്ല ഭൗതിക വിദ്യാഭ്യാസവും ധാര്‍മിക വ്യക്തിത്വത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ ആത്മീയ വിദ്യാഭ്യാസവും നല്‍കുന്ന സ്‌കൂളുകള്‍ നടത്താന്‍ സന്നദ്ധതയുള്ള പ്രാദേശിക സംഘടനകളെ സഹായിക്കുകയെന്ന ദൗത്യമാണ് പീസ് ഫൗണ്ടേഷന്‍ നിര്‍വഹിച്ചുവരുന്നത്. 2007ല്‍ തുടങ്ങിയതാണ് പീസ് സ്‌കൂള്‍ ശൃംഖല. ഓരോ സ്‌കൂളും അവയുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെ ഉടമസ്ഥതയിലുള്ളതാണ്. മുസ്‌ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഈ ട്രസ്റ്റുകളിലുണ്ട്. മുസ്്‌ലിംകളല്ലാത്തവര്‍ പോലും സജീവ അംഗങ്ങളായുള്ള ട്രസ്റ്റുകള്‍ ഇവയിലുണ്ട്. സ്‌കൂളുകളില്‍ ഉന്നതമായ അക്കാദമിക നിലവാരം നിലനിര്‍ത്തുന്നതിന് ആവശ്യമായ സംവിധാനങ്ങളാണ് ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്നത്. അധ്യാപകര്‍ക്കു പരിശീലനങ്ങള്‍ നല്‍കുക, ഓരോ പാഠവും പഠിപ്പിക്കുന്നതിലൂടെ വിദ്യാര്‍ഥികളില്‍ വളര്‍ന്നുവരണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പാടവങ്ങള്‍ അവരില്‍ വളരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അതിനാവശ്യമായ പരിശോധനകള്‍ നടത്തി അധ്യാപകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നിവയാണ് സ്‌കൂളുകള്‍ക്ക് പീസ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന സേവനങ്ങള്‍.  സിബിഎസ്ഇ സിലബസ് അനുസരിച്ച് നടക്കുന്ന പീസ് സ്‌കൂളുകളില്‍ പഠനസഹായിയായി ഉപയോഗിക്കുന്നത് എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങളാണ്. അക്കാദമികമായ നിലവാരം നിലനിര്‍ത്തുന്നതിന് ശ്രമിക്കുന്നതോടൊപ്പം തന്നെ വിദ്യാര്‍ഥികളില്‍ ദേശീയബോധം വളര്‍ത്തുന്നതിനും സാമൂഹികബോധം ഉണ്ടാക്കുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടന്നുവരുന്നുണ്ട്. സ്വാതന്ത്ര്യദിന-റിപബ്ലിക്ദിന ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികള്‍ ദേശീയബോധവും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവുന്നതിനുള്ള പ്രചോദനവും നല്‍കുന്ന തരത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഓരോ ദിവസവും നടക്കുന്ന അസംബ്ലിയില്‍ ദേശീയഗാനാലാപനവും രാഷ്ട്രപ്രതിജ്ഞയും നിര്‍വഹിക്കുന്നതോടൊപ്പം തന്നെ നാടിന് സേവനങ്ങള്‍ നല്‍കിയ ഓരോ വ്യക്തിയെ പരിചയപ്പെടുത്തുകയും അവരുടെ സേവനങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കുകയും ചെയ്യാറുണ്ട്. ഇതിനായി ഓരോ മാസവും സ്‌കൂളുകളില്‍ ഓരോ പ്രശസ്ത വ്യക്തികളെ തിരഞ്ഞെടുക്കാറുണ്ട്. ആ മാസം നടക്കുന്ന അസംബ്ലിയിലും മറ്റു പൊതുപരിപാടികളിലുമെല്ലാം ഈ പ്രശസ്ത വ്യക്തിയുടെ സംഭാവനകളെക്കുറിച്ചു ബോധ്യപ്പെടുത്തി രാഷ്ട്രസേവനത്തിന് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുക. വിദ്യാര്‍ഥികള്‍ തന്നെ പണം പിരിക്കുകയും അത് സ്വരൂപിച്ച് സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന ചാരിറ്റി ഡ്രൈവ് അവരില്‍ സാമൂഹികബോധം ഉണ്ടാക്കുന്നതിനായി പീസ് ആവിഷ്‌കരിച്ച പദ്ധതികളിലൊന്നാണ്. അശരണരായ ചില കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ വരെ ഇതുവഴി വിദ്യാര്‍ഥികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇതിനായി സംഭാവനകള്‍ സ്വരൂപിക്കുകയും അര്‍ഹതയുള്ളവര്‍ക്ക് വിതരണം നടത്തുകയും ചെയ്യുന്നത് വിദ്യാര്‍ഥികളാണ് എന്നതിനാല്‍            സമൂഹത്തിലെ ദുരിതങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും സഹാനുഭൂതി ഉണ്ടാക്കുന്നതിനും അതു നിമിത്തമാവുന്നുണ്ട്. വാര്‍ധക്യത്തിലെത്തിയ തലമുറയെ ആദരിക്കുന്നതിനുവേണ്ടിയുള്ള പരിപാടികള്‍, ജൈവകൃഷി പ്രോല്‍സാഹിപ്പിക്കുകയും അത് ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന പദ്ധതികള്‍, സാമൂഹിക സേവനം ചെയ്യുന്നവരെ നേര്‍ക്കുനേരെ പരിചയപ്പെടുന്നതിനുള്ള അവസരങ്ങള്‍ എന്നിവയെല്ലാം വിദ്യാര്‍ഥികള്‍ക്ക് സാമൂഹികബോധം ഉണ്ടാക്കുന്നതിനായി പീസ് സ്‌കൂളുകള്‍ ചെയ്തുവരുന്ന കാര്യങ്ങളില്‍ ചിലതാണ്. കേരളത്തിലെ 10 പീസ് സ്‌കൂളുകളിലൊന്നായ എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇവിടെയുള്ള പീസ് എജ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ 2009ലാണ് സ്ഥാപിക്കപ്പെട്ടത്. ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് ഇവിടെയുള്ള അധ്യായനവും അധ്യാപനവും മറ്റ് സ്‌കൂള്‍ സംബന്ധിയായ കാര്യങ്ങളും നടന്നുവരുന്നത്. അധ്യായനത്തിന് പീസ് ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെയും പിന്തുടരുന്ന വിദ്യാഭ്യാസ പദ്ധതിയെയും കുറിച്ച് പഠിച്ചശേഷം സ്‌കൂളിന് ലഭിച്ച ബ്രിട്ടിഷ് കൗണ്‍സിലിന്റെ അംഗീകാരം വലിയൊരു നേട്ടമാണ്. തികച്ചും മതനിരപേക്ഷവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതവുമായ അന്തരീക്ഷമാണ് സ്‌കൂളിലുള്ളത്. അവിടെയുള്ള 78 അധ്യാപകരില്‍ മുസ്‌ലിംകളല്ലാത്തവര്‍ നിരവധിയുണ്ട്. അനധ്യാപക ജീവനക്കാരിലും അമുസ്‌ലിംകളായ നിരവധി പേരുണ്ട്. മുസ്‌ലിംകളല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുമുണ്ട്. ഇവരോടെല്ലാം അന്വേഷിച്ചാല്‍ ഭാരതീയ ബഹുസ്വരതയുടെ നൂലിഴകളെ അപകടപ്പെടുത്തുന്ന യാതൊന്നും സ്‌കൂളില്‍ നടക്കുന്നില്ലെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. അതിനു വിരുദ്ധമായ ചില വാര്‍ത്തകള്‍ ചില മാധ്യമങ്ങളില്‍ വന്നുവെന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന മതവിശ്വാസികള്‍ തമ്മിലുള്ള സൗഹൃദവും സ്‌നേഹവും പരസ്പരമുള്ള കൊടുക്കല്‍വാങ്ങലുകളുമെല്ലാം തകര്‍ത്ത് മലയാളമണ്ണില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കുകയാണ് പീസ് സ്‌കൂളുകളില്‍ ഭീകരവാദം പഠിപ്പിക്കുന്നുവെന്ന് വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത്. കേരളത്തില്‍ നിന്ന് ഏതാനും പേരെ കാണാതായിട്ടുണ്ടെന്നും അവര്‍ സിറിയയിലെത്തി ഐഎസില്‍ അംഗമായിട്ടുണ്ടെന്നുമുള്ള പോലിസ് നിരീക്ഷണത്തോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. കാസര്‍കോട് നിന്ന് കാണാതായ 21 പേരില്‍ നാലാളുകള്‍ക്ക് പീസ് സ്‌കൂളുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അവര്‍ സ്‌കൂളില്‍ ജോലി ചെയ്യുകയോ അവിടെയുള്ള അധ്യാപകര്‍ക്കു പരിശീലനം നല്‍കുകയോ ചെയ്തിരുന്നുവെന്നല്ലാതെ മറ്റൊരു ബന്ധവും സ്ഥാപനവുമായി ഇല്ലെന്നും പീസ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷനു പിന്നിലുള്ളവര്‍ ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുക്കുന്നവരാണെന്നും ലോക്കല്‍ പോലിസിലും ഐബിയിലും എന്‍ഐഎയിലുമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായതും അവര്‍ അത് അധികൃതരോട് തുറന്നുപറഞ്ഞതുമാണ്. എന്നാല്‍ എറണാകുളം കേന്ദ്രമാക്കിയുള്ള വാര്‍ത്തകള്‍ അവിടെ അവസാനിച്ചില്ല.അപ്രത്യക്ഷരായവരിലൊരാളായ മെര്‍ലിന്‍ എറണാകുളം പീസ് സ്‌കൂളിലെ അധ്യാപികയായിരുന്നുവെന്നായിരുന്നു ആദ്യത്തെ പ്രചാരണം. അവിടെ ഒരു ദിവസം ഇന്റര്‍വ്യൂവിന് വന്നുവെന്നതല്ലാതെ സ്‌കൂളുകളില്‍ അധ്യാപികയായി നിയമിക്കുകയോ അധ്യാപനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതോടെ പ്രസ്തുത വാര്‍ത്തകള്‍ക്കു വിരാമമായി. ശ്രീനഗറില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമായി സ്‌കൂളിന് മൂന്നുലക്ഷം രൂപ കള്ളപ്പണം വന്നുവെന്ന് പറഞ്ഞായിരുന്നു പിന്നെയുള്ള അന്വേഷണവും വാര്‍ത്തകളും. സ്‌കൂളിന്റെ ഒരു ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് മറ്റേ ബാങ്കിലേക്കു പണം മാറ്റിയത് തെറ്റിദ്ധരിച്ചാണ് ഈ ആരോപണമുണ്ടായത.് പീസ് സ്‌കൂളുകളില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളമാണെന്ന് അവിടത്തെ മുസ്‌ലിംകളല്ലാത്ത അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പറഞ്ഞതോടെ ആ വാര്‍ത്തയും തണുത്തു. സ്‌കൂളിലെ പാഠപുസ്തകം മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നും അത് വര്‍ഗീയതയാണെന്നും പറഞ്ഞുകൊണ്ട് നല്‍കിയ കേസാണ് ഇപ്പോഴുള്ള പ്രശ്‌നം. പുസ്തകത്തില്‍, ഇസ്‌ലാം സ്വീകരിക്കുന്നയാള്‍ ആദ്യമായി ചെയ്യേണ്ട കാര്യമായി ശഹാദത്തിനെ പഠിപ്പിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട ഒരു പരിശീലനത്തെ ആധാരമാക്കിയാണ് ആരോപണം. ഈ പരിശീലനം രണ്ടാം ക്ലാസുകാരന്റെ ബൗദ്ധികനിലവാരത്തിന് യോജിച്ചതല്ലെന്നു തോന്നിയതിനാല്‍ പഠിപ്പിക്കേണ്ടതില്ലെന്നു പറഞ്ഞ് പീസ് എജ്യൂക്കേഷനല്‍ ഫൗണ്ടേഷന്‍ തന്നെ മാറ്റി നിര്‍ത്തിയതാണ്. അമുസ്‌ലിമിനെ നല്ല സുഹൃത്തായി തിരഞ്ഞെടുക്കാമെന്നും അയാളില്‍ മതം അടിച്ചേല്‍പിക്കേണ്ടതില്ലെന്നും ഒരാള്‍ സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ആദ്യമായി ചെയ്യേണ്ടത് രണ്ടു ശഹാദത്തുകളും മനസ്സിലാക്കി പ്രഖ്യാപിക്കുകയാണെന്നും പഠിപ്പിക്കുന്ന പാഠഭാഗത്തില്‍ നിന്ന് വര്‍ഗീയത നിര്‍ധരിക്കുന്നത് സങ്കടകരമാണ്. അതാണെങ്കില്‍ പീസ് സ്‌കൂളുകളിലൊന്നും പഠിപ്പിച്ചിട്ടുമില്ല. എന്നിട്ടും എന്തിനാണീ നടപടി? പീസ് സ്‌കൂളുകളെയും അതിനു പിന്നിലുള്ളവരെയും ഭീകരതയുടെ ആലയില്‍ കെട്ടി എറിഞ്ഞുകൊല്ലണമെന്നാണോ ഇതിനു പിന്നാലെ ചരടുവലിക്കാര്‍ ഉദ്ദേശിക്കുന്നത്? എന്റെ മനസ്സിലുണ്ടായ ആശയം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോഴാണ് പീസ് ഫൗണ്ടേഷനുണ്ടായത്. 40ലധികം വരുന്ന എന്റെ പുസ്തകങ്ങളില്‍ അഞ്ചെണ്ണം ഭീകരവാദത്തോടും തീവ്രവാദത്തോടും നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നവയാണ്; തീവ്രവാദികളുടെ ആശയങ്ങളെ സൈദ്ധാന്തികമായി തകര്‍ക്കുകയാണവ. തീവ്രവാദം നാടിന് അപകടകരമാണ് എന്നതിനേക്കാളധികം മുസ്്‌ലിം സമുദായത്തിന് ദോഷകരവും ഇസ്‌ലാം വിരുദ്ധവുമാണ് എന്നു കരുതുന്നവരാണ് പീസിലുള്ളവരെല്ലാം. പീസ് സ്‌കൂള്‍ സ്റ്റാഫില്‍ 60 ശതമാനത്തിലധികവും മുസ്‌ലിംകളല്ലെന്ന വസ്തുതയെങ്കിലും ഇത് തീവ്രവാദകേന്ദ്രമാണെന്നു പ്രചരിപ്പിക്കുന്നവര്‍ക്ക് വെളിച്ചമാവേണ്ടതാണ്. നാടിന്റെ മുന്നില്‍ നടക്കാനും സമൂഹത്തെ സേവിക്കാനും പ്രാപ്തരായവരെ വളര്‍ത്തിയെടുക്കാനുള്ള സംരംഭങ്ങളൊന്നും മുസ്‌ലിം സമുദായത്തില്‍ നിന്ന് വളര്‍ന്നുവരാതിരിക്കാനുള്ള ആരുടെയൊക്കെയോ ചരടുവലികളാണോ ഇത്? ഇസ്്‌ലാമിക പ്രബോധനത്തെ ഭീകരതയായും കുറ്റകൃത്യമായും ചിത്രീകരിക്കാന്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലമായി പ്രബോധനരംഗത്തുള്ള എന്നെ കരുവാക്കി നടത്തുന്ന നീക്കങ്ങളാണോ? എന്തായിരുന്നാലും നിയമപോരാട്ടത്തിലൂടെ ഈ അടച്ചുപൂട്ടലിനെ പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്.                                                       ി
Next Story

RELATED STORIES

Share it