Idukki local

പീരുമേട് പഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു: നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്‌

തൊടുപുഴ: കൊല്ലം- ദിണ്ടിഗല്‍ ദേശീയപാതയില്‍ മത്തായി കൊക്കയിലേക്ക് പീരുമേട് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഇടുക്കി ആര്‍ഡിഒ സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് എണ്‍വയണ്‍മെന്റല്‍ എന്‍ജിനീയറും റിപോര്‍ട്ട് നല്‍കണം. പീരുമേട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയും റിപോര്‍ട്ട് ഹാജരാക്കണം. റിപോര്‍ട്ടുകളെല്ലാം ഒരു മാസത്തിനകം സമര്‍പ്പിക്കണം. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞാണ് പൊതുസ്ഥലത്ത് പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്നത്. ഒരു തദ്ദേശ ഭരണ സ്ഥാപനം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തിന് വില കല്‍പ്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ഇതിനെതിരേ ഉയരുന്ന ജനരോഷം ഗൗരവമായെടുക്കണം. ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള പഞ്ചായത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
Next Story

RELATED STORIES

Share it