Idukki local

പീരുമേട്ടിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ

കുമളി: പീരുമേട്ടിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗ തീരുമാനം. നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷം പതിവായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുമളി കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസില്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടിയത്.
മണ്ഡലത്തിലെ കുമളി, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലാണ് സിപിഎം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കങ്ങളാണ് വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവിധ പോലിസ് സ്റ്റേഷനുകളില്‍ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതില്‍ 77 പ്രതികളാണുള്ളത്.ഇത് മണ്ഡലത്തിലെ ക്രമസമാധനിലയെ ബാധിക്കാതിരിക്കുന്നതിനാണ് റിട്ടേണിങ് ഓഫിസര്‍ പി എ റസീന കുമളിയില്‍ സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടിയത്.
മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പു സമയങ്ങളില്‍ ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്നും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പണവും പാരിതോഷികങ്ങളും നല്‍കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു. കൂടാതെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഭാഷയുടെ പേരില്‍ വോട്ടര്‍മാരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു.
മാത്രമല്ല യഥാസമയം പോലിസ് ക്രിയാത്മകമായി ഇടപെടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.
എന്നാല്‍ ആര്‍ക്കും പണമോ പാരിതോഷികങ്ങളോ നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ചുള്ള ഏത് അന്വേഷണത്തേയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ അറിയിച്ചു. ആരോപണം ഉന്നയിക്കുന്നവര്‍ ഇതു സംബന്ധിച്ചുള്ള തെളിവ് ഹാജരാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് റിട്ടേണിങ് ഓഫിസര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍മാര്‍ക്ക് മദ്യവും പണവും മറ്റ് പാരിതോഷികങ്ങളും നല്‍കുന്നുണ്ടെന്ന് വിവരം ലഭിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.
കട്ടപ്പന ഡിവൈഎസ്പി പി കെ ജഗദീഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുല്‍ റസാക്ക്, എം എം വര്‍ഗീസ്, കെ എം സിദ്ദീഖ്, ചന്ദ്രശേഖരപിള്ള, സി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it