Idukki local

പീരുമേട്ടിലെ പരാജയം കോണ്‍ഗ്രസ്സില്‍ നിന്നു കൂട്ടരാജി

കുമളി: പീരുമേട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പരാചയപ്പെട്ടതിനെ തുടര്‍ന്ന് യുഡിഎഫിലുണ്ടായ പൊട്ടിത്തെറി ക്ലൈമാക്‌സിലെത്തി.പീരുമേട്ടിലെ യുഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുഡിഎഫ് കുമളി മണ്ഡലം ഭാരവാഹികള്‍ രാജിവച്ചു.
യുഡിഎഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ കെ എസ് മുഹമ്മദ്കുട്ടി കണ്‍വീനര്‍ കെ സി ജേക്കബ്ബ് എന്നിവരാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന് രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പീരുമേട്ടിലെ യുഡിഎഫിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ രാജിയില്‍ കലാശിച്ചത്.
പീരുമേട്ടില്‍ ഇത്തവണ യുഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളാണ് അഡ്വ. സിറിയക് തോമസ് പരാചയപ്പെടാന്‍ കാരണമെന്നാണ് ലീഗ്, കേരളാ കോണ്‍ഗ്രസ്, ആര്‍എസ്പി ഘടക കക്ഷികള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം യുഡിഎഫ് മണ്ഡലം കമ്മിറ്റി ചേര്‍ന്നെങ്കിലും ഇതില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ പീരുമേട് ബ്ലോക്ക് കുമളി മണ്ഡലം പ്രസിഡന്റുമാര്‍ വിട്ടുനിന്നു.എതിര്‍ സ്ഥാനാര്‍ഥിയില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി വോട്ട് മറിച്ചുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്. ജില്ലാ നേതൃത്വം പീരുമേട്ടില്‍ ഇടപെടണമെന്നും നേതൃമാറ്റം ആവശ്യമാണെന്നുമാണ് ഘടക കക്ഷികളുടെ പ്രധാന ആവശ്യം. ഇതിന്റെ ഭാഗമായാണ് ഒരു മുഴം മുമ്പേ എറിഞ്ഞ് യുഡിഎഫ് മണ്ഡലം കമ്മിറ്റി രാജിവച്ചത്.
Next Story

RELATED STORIES

Share it