Second edit

പീഡന വിരുദ്ധദിനം

ജൂണ്‍ 26 അന്താരാഷ്ട്ര പീഡന വിരുദ്ധദിനമായി ആചരിക്കുന്നത് പലപ്പോഴും കുറ്റാന്വേഷണത്തിന്റെ പ്രധാന ഉപാധി പീഡനമാണെന്നു കരുതുന്ന ഭരണകൂടങ്ങള്‍ തന്നെയായിരിക്കും. പീഡനം വിലക്കിക്കൊണ്ട് 1984ല്‍ നിലവില്‍വന്ന അന്താരാഷ്ട്ര കരാറില്‍ ഒപ്പുവച്ച രാഷ്ട്രങ്ങളില്‍ പകുതിയിലെങ്കിലും ലോക്കപ്പിലും ജയിലിലും പീഡനം തുടരുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ യുഎന്‍ ഏജന്‍സികളെ അനുവദിക്കുന്ന പ്രോട്ടോകോള്‍ ഏതാണ്ട് 80 രാഷ്ട്രങ്ങളെങ്കിലും അംഗീകരിച്ചതാണെങ്കിലും ഇന്ത്യയടക്കമുള്ള ജനാധിപത്യരാഷ്ട്രങ്ങള്‍ സന്ദര്‍ശകര്‍ക്കു വിസ നല്‍കാറില്ല. മൊത്തം ഭരണകൂടങ്ങളില്‍ അഞ്ചിലൊരു ഭാഗം, പ്രധാനമായും മധ്യപൗരസ്ത്യത്തിലും ഏഷ്യയിലും ആഫ്രിക്കയിലുമുള്ള ഏകാധിപത്യങ്ങള്‍, അന്തര്‍ദേശീയ കരാര്‍ അവഗണിക്കുകയാണ്. ജനാധിപത്യ രാഷ്ട്രങ്ങളാണ് പൊതുവില്‍ പീഡനങ്ങളെ ഗൗരവത്തിലെടുക്കുന്നത്. ചിലി, തുര്‍ക്കി, ഫിജി തുടങ്ങിയ രാജ്യങ്ങള്‍ ജനാധിപത്യത്തിലേക്കു മാറിയപ്പോള്‍ പീഡനം കുറ്റകൃത്യമാക്കുന്ന നിയമങ്ങള്‍ പാസാക്കി. പോലിസ് അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ വ്യവസ്ഥയുടെ ഭാഗമാക്കുമ്പോള്‍ പീഡനം കുറയുന്നു എന്നാണ് കാണുന്നത്. എന്നാല്‍, ഭരണകൂടങ്ങള്‍ നിയമം മറികടക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിലെടുക്കുക എന്നതാണ് ഒരു സൂത്രം. പീഡനത്തിന് അമേരിക്കയില്‍ ജോര്‍ജ് ബുഷ് ചെയ്തപോലെ, 'വിപുലമായ ചോദ്യംചെയ്യല്‍' എന്ന പേരിടുന്നതാണ് മറ്റൊരു തന്ത്രം. രഹസ്യ പീഡനകേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രതിയോഗികളെ ദീര്‍ഘകാലം തടവിലിടാം. അമേരിക്കയും പല ഗള്‍ഫ് രാജ്യങ്ങളും അതാണു ചെയ്യാറ്. എന്നാലും അന്താരാഷ്ട്ര കരാറുകള്‍ പീഡനത്തിനെതിരേ പൊതുജനാഭിപ്രായം ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it