Flash News

പീഡന കേന്ദ്രം പ്രവര്‍ത്തിച്ചത് പോലിസിന്റെ അറിവോടെ ; മുന്‍ അന്തേവാസിനിയുടെ വെളിപ്പെടുത്തല്‍



കെ  എന്‍  നവാസ് അലി

മലപ്പുറം: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ കേന്ദ്രം പ്രവര്‍ത്തിച്ചത് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് മുന്‍ അന്തേവാസിനിയുടെ വെളിപ്പെടുത്തല്‍. കൊണ്ടോട്ടി സ്വദേശിനിയായ 21കാരിയാണ് പീഡനകേന്ദ്രവുമായി പോലിസിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത്. സഹപാഠിയായ മുസ്‌ലിം യുവാവിനെ പ്രണയിച്ച യുവതിയെ വീട്ടുകാരാണ് തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രത്തിലെത്തിച്ചത്. കേന്ദ്രം അടച്ചുപൂട്ടിയതോടെ വീട്ടുകാര്‍ തിരികെ കൊണ്ടുവന്ന യുവതി അവിടെ നിന്നു രക്ഷപ്പെട്ട് കാമുകനോടൊപ്പം മലപ്പുറം എസ്പിക്കു മുമ്പാകെ ഹാജരായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ യുവതി ഇപ്പോള്‍ സംഘപരിവാര ആക്രമണം ഭയന്ന് രഹസ്യകേന്ദ്രത്തിലാണുള്ളത്. കോഴിക്കോട് ആര്‍ട്‌സ് കോളജില്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥിനിയായിരുന്നു യുവതി. ഒരു പരീക്ഷ മാത്രം ബാക്കിയുള്ളപ്പോഴാണ് ഏപ്രില്‍ 15ന് അമ്മാവന്റെ മകനായ അര്‍എസ്എസ് പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ തൃപ്പൂണിത്തുറയില്‍ എത്തിച്ചതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഒരു മാസം കഴിഞ്ഞ് ജൂണില്‍ അവിടെ പോലിസ് പരിശോധനയ്‌ക്കെത്തി. ഉടനെ എല്ലാവരെയും മുറിക്കകത്ത് അടച്ചുപൂട്ടി. നടത്തിപ്പുകാര്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ച് ചായയും കുടിച്ച് മടങ്ങിപ്പോയി. പോലിസ് കാര്യങ്ങള്‍ അന്വേഷിച്ചാല്‍ തുറന്നുപറയാന്‍ പലരും തയ്യാറായിരുന്നു. എന്നാല്‍, അതിന് അവസരം ലഭിച്ചില്ല. അതിനുശേഷം ഒരുമാസം കഴിഞ്ഞ് വനിതാ പോലിസ് ഉള്‍പ്പെടെയുള്ള സംഘം വീണ്ടും കേന്ദ്രത്തിലെത്തി. ഒന്നിച്ചിരുത്തിയാണ് അന്നു കാര്യങ്ങള്‍ അന്വേഷിച്ചത്. കടുത്ത പീഡനങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ക്കുപോലും ഇതു കാരണം കാര്യങ്ങള്‍ തുറന്നുപറയാന്‍ കഴിഞ്ഞില്ല.  കേന്ദ്രത്തിനെതിരേ കൂടുതല്‍ പരാതിയുമായി അവിടെ നിന്നു രക്ഷപ്പെട്ട യുവതി രംഗത്തുവന്നപ്പോഴാണ് മൂന്നാമതും പോലിസ് എത്തിയത്. അന്നാണ് ഓരോരുത്തരെയായി വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചതെന്നും തുറന്നുപറയാന്‍ എല്ലാവര്‍ക്കും അവസരം ലഭിച്ചതെന്നും യുവതി പറഞ്ഞു.പീഡനകേന്ദ്രം നടത്തിപ്പുകാര്‍ എറണാകുളത്ത് തുടങ്ങിയ യോഗാകേന്ദ്രം ഉദ്ഘാടനം ചെയ്തത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. ഗുരുജി എന്നു വിളിക്കുന്ന കേന്ദ്രത്തിലെ പ്രധാനിക്ക് ഇവരുമായൊക്കെ അടുത്ത ബന്ധമാണുള്ളതെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നുവെന്നും യുവതി പറഞ്ഞു.കേന്ദ്രത്തില്‍ രണ്ടു മുറികളിലായാണ് 60ഓളം പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്.തുടക്കത്തില്‍ കാന്‍ഡിഡേറ്റ് എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. ഇവര്‍ എപ്പോഴും നിരീക്ഷണത്തിനു വിധേയരാവും. മിക്കസമയത്തും മുറിയില്‍ തന്നെ അടച്ചിടും. നടത്തിപ്പുകാരുടെ നിര്‍ദേശം അനുസരിക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഇന്നര്‍ സര്‍ക്കിളില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മുറിയില്‍ നിന്നു പുറത്തിറങ്ങാം. പക്ഷേ, മുകള്‍നിലയിലോ ഫോണിന്റെ പരിസരത്തോ ചെല്ലാന്‍ പാടില്ല. കേന്ദ്രം നടത്തിപ്പുകാര്‍ക്ക് വിശ്വസിക്കാം എന്നു ബോധ്യപ്പെടുന്നവരെ ഹയര്‍ സര്‍ക്കിളി ല്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് മുകള്‍നിലയിലും ഓഫിസിലും കയറാന്‍ അനുവാദമുണ്ടാവും. കൂടാതെ മര്‍ദനമേല്‍ക്കുകയുമില്ല. കേന്ദ്രത്തില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ താന്‍ ഹയര്‍സര്‍ക്കിളിലാണ് ഉള്‍പ്പെട്ടിരുന്നതെന്നും യുവതി പറഞ്ഞു. പീഡനങ്ങളി ല്‍ നിന്നു രക്ഷപ്പെടാനാണ് കേന്ദ്രം നടത്തിപ്പുകാര്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചതെന്നും അവിടെ കഴിഞ്ഞപ്പോഴെല്ലാം കാസര്‍കോഡ് സ്വദേശിനി ആതിര തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it