Kollam Local

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ നാടുകടത്തിയ സംഭവം : പോലിസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍



കൊല്ലം:അഞ്ചലില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായി ഏഴുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവിനെയും ബന്ധുക്കളെയും പോലിസ് നാട്ടില്‍ നിന്നും മാറ്റിയതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.കൊട്ടാരക്കര റൂറല്‍ എസ്പി മൂന്നാഴ്ചക്കകം അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മുമ്പും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അക്കാര്യം വീട്ടുകാര്‍ മറച്ചുവച്ചുവെന്നുമാരോപിച്ചാണ് നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബത്തെ പോലിസ് നാട്ടില്‍ നിന്നും മാറ്റിയെന്നാണ് റിപോര്‍ട്ട്.  കിളിമാനൂരിലെ ബന്ധുവീട്ടിലേക്കാണ് ഇവരെ മാറ്റിയത്.പെണ്‍കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. കുട്ടിയുടെ അമ്മയേയും സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ ആട്ടിയോടിക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. ദുര്‍നടപ്പ് ആരോപിച്ചായിരുന്നു നാടുകടത്തല്‍. കുട്ടിയുടെ മൃതദേഹം വീട്ടില്‍ സംസ്‌ക്കരിക്കാന്‍ അനുവദിച്ചില്ല. മൃതദേഹം കാണാന്‍ പോലും നാട്ടുകാര്‍ അനുവദിച്ചില്ലെന്നും നാട്ടിലെത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പോലിസ് നോക്കി നില്‍ക്കെയായിരുന്നു നാട്ടുകാരുടെ ആക്രമണം. നാടുകടത്താന്‍ പോലിസ് കൂട്ടുനിന്നപ്പോള്‍ ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കിയില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it