പീഡനത്തിനിരയായ വയോധികയുടെ ആത്മഹത്യ: ഡിഎന്‍എ ഫലം പ്രതിക്കെതിര്

ഇരിട്ടി: ലൈംഗിക പീഡനത്തിനിരയായി വയോധിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിഎന്‍എ പരിശോധനാഫലം അറസ്റ്റിലായ പ്രതിക്കെതിര്. കഴിഞ്ഞ മാര്‍ച്ച് 30നാണ് പയഞ്ചേരി വികാസ് നഗറിലെ 70കാരി പീഡനത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ മുഴക്കുന്നിലെ ബന്ധുവീട്ടിലെത്തി തൂങ്ങിമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും സംഘവും ആറളത്തെ മാവില വീട്ടില്‍ പി എം രാജീവ(45)നെ അറസ്റ്റ് ചെയ്തിരുന്നു. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍, വയോധിക ലൈംഗിക പീഡനത്തിനിരയായെന്നു വ്യക്തമായി. തുടരന്വേഷണത്തിലാണ് രാജീവന്‍ അറസ്റ്റിലായത്. പരേതയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച സ്രവങ്ങള്‍ പോലിസ് ഡിഎന്‍എ പരിശോധനയ്ക്കയച്ചു. സാഹചര്യ തെളിവുകളെല്ലാം പ്രതിക്ക് എതിരായിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകമായി. ഡിഎന്‍എ ഫലം അനുകൂലമായതോടെ കേസ് വേഗത്തില്‍ തെളിയിക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം പറഞ്ഞു. മുന്‍ പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാര്‍ അന്വേഷിച്ച കേസ് ഇപ്പോള്‍ മട്ടന്നൂര്‍ സിഐ എ വി ജോണാണ് അന്വേഷിക്കുന്നത്. വയോധികയുടെ മകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പ്രതിയുടെ രാഷ്ട്രീയബന്ധവും മറ്റും ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകുന്നതില്‍ പോലിസ് ഏറെ പഴികേള്‍ക്കേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it