Flash News

പീഡനം: കുഞ്ഞിനെ പരിശോധിച്ചില്ല ; ഡോക്ടര്‍ക്കെതിരേ കേസെടുത്തു



പത്തനംതിട്ട: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധനയ്ക്കു വിസമ്മതിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഗംഗയ്‌ക്കെതിരേ കോഴഞ്ചേരി സിഐ കേസെടുത്തു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലും പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പുറപ്പെടുവിച്ച ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് കേസ്. പോക്‌സോ നിയമപ്രകാരമാണ് ഡോ. ഗംഗയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. ജില്ലാ ആശുപത്രിയിലെ മറ്റൊരു ഗൈനക്കോളജിസ്റ്റ് ഡോ. ലേഖയുടെ ഡ്യൂട്ടി രജിസ്റ്റര്‍ പരിശോധിച്ചശേഷം നടപടിയുണ്ടാവുമെന്നും പോലിസ് പറഞ്ഞു. ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടായതിനാല്‍ കേസിന്റെ നിയമവശങ്ങളെക്കുറിച്ച് പോലിസ് ഉപദേശം തേടിയിരുന്നു. പോക്‌സോ നിയമപ്രകാരമുള്ള കേസിന്റെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാന്‍ വ്യവസ്ഥയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കാന്‍ നേരത്തെതന്നെ നിര്‍ദേശിച്ചിരുന്നതാണ്. കോടതി നിര്‍ദേശം വന്നതിനെ  തുടര്‍ന്ന് ഡോ. ലേഖയും ഡോ. ഗംഗയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതുകൂടി അറിഞ്ഞശേഷം കേസെടുക്കാമെന്ന നിഗമനത്തിലായിരുന്നു പോലിസ്. കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ചുവെന്ന പരാതിയില്‍ ഡോ. ഗംഗയെയും ഡോ. ലേഖയെയും ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it