thrissur local

പീച്ചി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചിട്ട് 60 വര്‍ഷം



പീച്ചി: പീച്ചി ജലസേചന പദ്ധതി നാടിന് സമര്‍പ്പിച്ചിട്ട് 2017 ഒക്ടോബര്‍ നാലിന് 60 വര്‍ഷം തികയുന്നു. കേരളത്തിലെ ഒരു മേജര്‍ ഇറിഗേഷന്‍ പ്രാജക്ട് എന്ന നിലയിലാണ് പീച്ചി ജലസേചന പദ്ധതി 1959 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചത്. കരുവന്നൂര്‍ പുഴയുടെ പോഷകനദി ആയ മണലിപ്പുഴയുടെ കുറുകേയാണ് പീച്ചി അണക്കെട്ട് നിര്‍മിച്ചിട്ടുള്ളത്. ഈ ജലസേചന പദ്ധതി ഉപയോഗിച്ച് ഉദ്ദേശം 17555 ഹെക്ടര്‍ പ്രദേശത്ത് ജലസേചനം സാദ്ധ്യമാക്കുന്നു. പീച്ചി ജലസേചന പദ്ധതി പ്രധാനമായും മുകുന്ദപുരം, തലപ്പള്ളി, തൃശൂര്‍, ചാവക്കാട് താലൂക്കുകളിലെ പ്രദേശങ്ങളിലേക്ക് വിവിധ കനാലുകള്‍ വഴി ജലം എത്തിക്കുന്നു. ഇതുകൂടാതെ 1961 മുതല്‍ തൃശൂര്‍ കോര്‍പ്പറേഷനിലേക്കും ചുറ്റുമുള്ള എട്ട് പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള വിതരണം പിച്ചി ഡാമില്‍ നിന്നാണ്. ഒരു ദിവസം 50 ദശലക്ഷം ലിറ്റര്‍ ജലം കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നു. പീച്ചി ജലസേചന പദ്ധതിയുടെ വലതുകര കനാലിന് 37.3 കിമി നീളവും ഇടതു കര കനാലിന് 44.9 കിമി നീളവും ഉണ്ട്. ഇരുകനാലുകളുടേയും ഉപകനാലുകള്‍ക്ക് 116.57 കിമി നീളമുണ്ട്. 79. 25 മീറ്ററാണ് റിസര്‍വോയറിന്റെ പൂര്‍ണ ജലസംഭരണ ശേഷി. കാലങ്ങളായി റിസര്‍വോയറില്‍ അടിഞ്ഞ് കൂടിയ ചെളിയും മാലിന്യങ്ങളും ഡാമിന്റെ സംഭരണ ശേഷി കുറച്ചിട്ടുണ്ട്. 107 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വേനല്‍ക്കാലത്ത് ജലസേചനത്തിനായി തുറന്നുവിടുന്ന ജലം ഉപയോഗിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഉല്‍പാദനത്തിനുശേഷം വെള്ളം കനാലിലേക്കുതന്നെ വിടുകയാണ് പതിവ്.ഇക്കണ്ട വാരിയര്‍ കൊച്ചിയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് പിച്ചി ഡാമിന്റെ നിര്‍മാണം ആരംഭിച്ചത്. പനംമ്പിള്ളി ഗോവിന്ദ മേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഡാം നിര്‍മാണത്തിന് ഭരണാനുമതി നല്‍കി. രണ്ടാം ലോകമഹായുദ്ധവും പ്രകൃതിക്ഷേഭവും കൊച്ചി രാജ്യത്തെ കാര്യമായി ബാധിച്ചിരുന്നു. അതുകൊണ്ട് കൃഷിക്കും ജല സേചനത്തിനും ഇക്കണ്ട വാരിയര്‍ പ്രാധാന്യം നല്‍കി. നദികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഭക്ഷ്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ 1944ല്‍ ചീഫ് എഞ്ചിനിയര്‍ വി കെ അരവിന്ദാക്ഷമേനോനെ പിച്ചി പദ്ധതിയുടെ സര്‍വ്വേയും പ്രാജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഇക്കണ്ട വാരിയര്‍ ഡാം നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. ഇക്കണ്ട വാരിയര്‍ ഡാം നിര്‍മാണത്തിന് ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപെട്ടതിനെതുടര്‍ന്ന് ഗവണ്‍മെന്റ് 2 കോടി രൂപ കടമായി അനുവദിച്ചു. പീച്ചി ഡാം നിര്‍മാണത്തിന്റെ മൊത്തം ചിലവ് രണ്ട് കോടി 25 ലക്ഷം രൂപയായിരുന്നു. എസ്റ്റിമേറ്റിനേക്കാള്‍ 10 ലക്ഷം രൂപ കുറവില്‍ പ്രോജക്ട് പൂര്‍ത്തിയായി. കൊച്ചി സര്‍ക്കാര്‍ ഡാം നിര്‍മാണം തുടങ്ങിവെക്കുകയും പിന്നീട് തിരുകൊച്ചി സര്‍ക്കാര്‍ തുടരുകയും അവസാനം കേരള സര്‍ക്കാര്‍ ഡാം നിര്‍മാണം പൂര്‍ത്തികരിച്ച് 1957 ഒക്ടോബര്‍ 4ന് കേരള ഗവര്‍ണര്‍ ബി രാമകൃഷ്ണറാവു പിച്ചി ഇറിഗേഷന്‍ പ്രോജക്ട് രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പൊതുമരാമത്ത് രേഖകള്‍ പ്രകാരം മൂന്ന് എഞ്ചിനിയര്‍മാര്‍ ചേര്‍ന്നാണ് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തികരിച്ചത്. ചിഫ് എഞ്ചിനിയര്‍ വി കെ അരവിന്ദാക്ഷമേനോന്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍മാരായ കെ ബി മേനോന്‍, ടി എസ് ചാത്തുണ്ണി നേതൃത്വം നല്‍കി. ചീഫ് എഞ്ചിനിയര്‍മാരുടെ ചുമതല എം സത്യനാരായണമൂര്‍ത്തി ,കെ കെ കര്‍ത്ത, ടി പി കുട്ടിയമ്മു എന്നിവര്‍ക്കായിരുന്നു. കെ എം മാത്യു പ്രോജക്ട് എഞ്ചിനിയറും ടി എസ് ചാത്തുണ്ണി സൂപ്രണ്ടിങ്ങ് എഞ്ചിനിയറുമായിരുന്നു. നിര്‍മാണഘട്ടത്തിലെ എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍മാരായി ടി നടരാജ പിള്ള, കെ വി കല്ലൂക്കാരന്‍, കെ എം മേനോന്‍ ,ജി വി മണ്ണംചേരിയില്‍, വി എന്‍ അഹമ്മദ് കുഞ്ഞ് , പി വി  ജോസഫ് ഇവരെ കൂടാതെ പതിനാറ് അസിസ്റ്റന്റ് എഞ്ചിനിയര്‍മാരും പ്രവര്‍ത്തിച്ചിരുന്നു. കടുത്ത വരള്‍ച്ചകളില്‍ പൂര്‍ണമായും തകര്‍ന്നുപോകുമായിരുന്ന തൃശൂരിന്റ കാര്‍ഷിക മേഖലക്കും കുടിവെള്ള വിതരണത്തിനും പിച്ചി ഡാം തന്നെയാണ് ഏക ആശ്രയം. ഒന്നാം പഞ്ചവല്‍സര പദ്ധതി കൊണ്ട് കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ് പീച്ചി അണക്കെട്ട്.
Next Story

RELATED STORIES

Share it