thrissur local

പീച്ചി ജലവിതരണം, പൂര്‍ണതോതില്‍ ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനം

തൃശൂര്‍: പീച്ചിയില്‍ നിന്നും കോര്‍പറേഷന്‍ പ്രദേശത്തേക്കുള്ള  ജലവിതരണം പൂര്‍ണതോതില്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് വേഗംകുട്ടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ജലസംസ്‌കരണം, സംഭരണം, വിതരണം ഉള്‍പ്പടെ ഏറ്റെടുക്കാനാണ് തീരുമാനം. ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന്— 1993ല്‍ ജലവിതരണം പുര്‍ണതോതില്‍ മുനിസിപ്പാലിറ്റിയെ സര്‍ക്കാര്‍ തിരിച്ചേല്‍പ്പിച്ചിട്ടും കോണ്‍ഗ്രസ് ഭരണസമിതി ഏറ്റെടുത്തിരുന്നില്ല. ഇത് കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചക്കിടയാക്കി.
1993ല്‍ തൃശൂര്‍ ജലവിതരണപദ്ധതി ഏറ്റെടുത്ത് നടത്തിപ്പ് അവകാശം പൂര്‍ണ ചുമതലയോടെ തൃശൂര്‍ മുനിസിപ്പാലിറ്റിക്ക് കെ കരുണാകര സര്‍ക്കാര്‍ വിട്ടുനല്‍കി. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് ഭരണസമിതി ഇത് ഏറ്റെടുക്കാതെ ഉല്‍പാദനചുമതല ജല അതോറിറ്റിയെ തന്നെ എല്‍പ്പിക്കുകയായിരുന്നുവെന്ന് ഡിപിസി അംഗം വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. വെള്ളം ലഭിച്ചാലും ഇല്ലെങ്കിലും പീച്ചി പ്ലാന്റില്‍നിന്ന്  ജലം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള  ചെലവില്‍  40 ശതമാനം സംഖ്യ കോര്‍പറേഷന്‍ മുന്‍കൂര്‍ അടയ്ക്കണമെന്നാണ് കോണ്‍ഗ്രസ് വ്യവസ്ഥയുണ്ടാക്കിയത്.  ഇതനുസരിച്ച്  34 ലക്ഷം  മാസം അടയ്ക്കണം. പൈപ്പ് ലൈനിന്റെ മെയിന്റനന്‍സ് ചാര്‍ജും മറ്റുചെലവുകളും മുനിസിപ്പാലിറ്റി വഹിക്കണം.പഞ്ചായത്തുകളിലെ ജലവിതരണം ജല അതോറിറ്റി നിര്‍വഹിക്കാനുമാണ് കരാറുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍  കോടികള്‍ചെലവഴിച്ച് പ്ലാന്റുകള്‍ നിര്‍മിച്ചിട്ടും ജലത്തിന് കോടിക്കണക്കിന് രൂപ ജല അതോറിറ്റിക്ക് അടക്കേണ്ടി വരുന്നതായി പി കൃഷ്ണന്‍കുട്ടി പറഞ്ഞു. പൂര്‍ണതോതില്‍ കോര്‍പറേഷന്‍ ജലവിതരണം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഇന്നത്തെ കുടിവെള്ളപ്രശ്‌നങ്ങള്‍ക്ക് മുഖ്യകാരണം മുന്‍ കോണ്‍ഗ്രസ് ഭരണസമിതികളാണെന്ന് അനുപ് കരിപ്പാല്‍ പറഞ്ഞു.
ജലവിതരണം ഏറ്റെടുക്കുന്ന വിഷയത്തില്‍— സാങ്കേതിക തടസങ്ങളുന്നോയെന്നറിയാന്‍ മുന്‍ മേയര്‍മാരുടെ നിര്‍ദേശംതേടി കോര്‍പറേഷന്‍ യോഗം വിളിച്ചിരുന്നു.  മുന്‍ ഭരണസമിതികളുടെ ഭയംമൂലമാ—ണ് പൂര്‍ണതോതില്‍ ഏറ്റെടുക്കാതിരിക്കാന്‍ കാരണമെന്ന് മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ ഭാഗം അജണ്ടയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യംവച്ചാണെന്ന് കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയേല്‍ പറഞ്ഞു.  കെ രാധാകൃഷ്ണന്‍ ഇത്തരം കാര്യം പറഞ്ഞിട്ടില്ലെന്ന്  എ പ്രസാദ്  പറഞ്ഞു. എന്നാല്‍ കെ രാധാകൃഷ്ണന്‍ അന്നത്തെ കൗണ്‍സിലിന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസിലെ ടി ആര്‍ സന്തോഷ് വ്യക്തമാക്കിയതോടെ  പ്രസാദിന്റെ വാദം പൊളിഞ്ഞു. യോഗത്തില്‍ മേയര്‍ അജിതാ ജയരാജന്‍ അധ്യക്ഷയായി. എം എല്‍ റോസി, അഡ്വ. എ എസ് രാമദാസ്, എം എസ് സമ്പൂര്‍ണ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it