thrissur local

പീച്ചിയില്‍ നിന്നുള്ള ജലവിതരണം: പ്രതിസന്ധി രൂക്ഷം

തൃശൂര്‍: പീച്ചിയില്‍ നിന്നുള്ള ജലവിതരണപദ്ധതിയില്‍ പ്രതിസന്ധി രൂക്ഷമായിട്ടും നിസംഗത പാലിച്ച് ജലഅതോറിറ്റിയും കോര്‍പറേഷനും. വിതരണത്തിനാവശ്യമായ വെള്ളം എത്തുന്നില്ലെന്നതാണ് അടിസ്ഥാന പ്രശ്‌നമെങ്കിലും കാരണവും പരിഹാരവും പറയാതെ ഞാണിന്മേല്‍കളി നടത്തുകയാണ് അതോറിറ്റി.
പ്രശ്‌നം പഠിക്കാനും വിദഗ്‌ദോപദേശം തേടാനും തയാറാവാത്തതാണ് കോര്‍പറേഷന്‍ നേതൃത്വത്തിന്റെ പ്രശ്‌നം.50.5 ദശലക്ഷം ലിറ്റര്‍ വെള്ളം പീച്ചിയില്‍ ഉല്‍പാദിപ്പിക്കുന്നുവെന്നാണ് കണക്കെങ്കിലും മൂന്നിലൊരു ഭാഗമേ വിതരണത്തിന് എത്തുന്നുള്ളു. മുടിക്കോട് ഭാഗത്ത് 700 എംഎം പൈപ്പ് ലെയിന്‍ സ്ഥാപിച്ചതിലേ സാങ്കേതികപിഴവുമൂലം പണ്ടേ മുതല്‍ വെള്ളം കുറവായിരുന്നു. പൈപ്പ് ലെയിന്‍ മാറ്റിയിട്ടപ്പോഴും പ്രശ്‌നം പരിഹരിച്ചില്ല. മണ്ണുത്തി തോട്ടപ്പടിയിലെ ചോര്‍ച്ച മൂലം മൂന്നുവര്‍ഷമായി 15-20 ശതമാനം വെള്ളമാണ് കുറയുന്നത്.
ചോര്‍ച്ച പരിഹരിക്കാന്‍ ഈയിടെ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 700 എംഎം ലൈനിലെ ചോര്‍ച്ച മൂലം മര്‍ദ്ദം കുറഞ്ഞതും വെള്ളം നഗരത്തിലെത്തുന്നത് കുറച്ചു.
ജലലഭ്യത കണക്കാക്കാതെ കോര്‍പറേഷനിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമായി 30,000 കണക്ഷനുകള്‍ അതോറിറ്റി നല്‍കിയതും ആവശ്യം കൂട്ടി. വെള്ളമില്ലെങ്കിലും വാട്ടര്‍ ചാര്‍ജ് വാങ്ങാമെന്നതാണ് അതോറിറ്റിയുടെ പുതിയ ബിസിനസ് തന്ത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പേ പണി തീര്‍ത്ത കോലഴി, കിള്ളന്നൂര്‍, അരിമ്പൂര്‍, വെങ്കിടങ്ങ് വാട്ടര്‍ ടാങ്കുകള്‍ ഈയിടെ കമ്മീഷന്‍ ചെയ്തതും ഉപഭോഗം വര്‍ധിപ്പിച്ചു.
ഓരോ പ്രദേശത്തും വെള്ളത്തിനായി സമ്മര്‍ദ്ദമുയരുമ്പേ ാള്‍ വെള്ളം നല്‍കി അവിടത്തെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ച് ജനങ്ങളെ ആശ്വസിപ്പിക്കുകയാണ് അതോറിറ്റി. ഇതു മറ്റ് പ്രദേശത്തു പുതിയ പ്രശ്‌നം സൃഷ്ടിക്കുകയാണ്. സമീപകാലംവരെ ജലസമൃദ്ധമായിരുന്ന പഴയ മുനിസിപ്പല്‍ പ്രദേശത്താണ് ഇപ്പോള്‍ കൂടുതല്‍ പ്രതിസന്ധി. പല പ്രദേശങ്ങളിലും വെള്ളം കിട്ടാകനിയാണ്.
ശക്തമായ വിതരണശൃംഖല ഉണ്ടായിരിക്കേ കോടികള്‍ ചിലവഴിച്ച് കിഴക്കുമ്പാട്ടുകരയിലും അരണാട്ടുകരയിലും അനാവശ്യമായി കോര്‍പറേഷന്‍ വാട്ടര്‍ ടാങ്ക് പണിത് വിതരണം ക്രമീകരിച്ചതും പ്രശ്‌നമായി. മറ്റ് പ്രദേശങ്ങളില്‍ ഇതു കൂടുതല്‍ ജലക്ഷാമത്തിന് കാരണമായി.
തേക്കിന്‍കാട് ടാങ്കിലേക്കുള്ള 600 എംഎം പൈപ്പ് ലെയിനില്‍നിന്ന് കിഴക്കുമ്പാട്ടുകര ടാങ്കിലേക്ക് വെള്ളം ബൈപാസ് ചെയ്തു നല്‍കാനുള്ള കോര്‍പറേഷന്‍ വക സാങ്കേതിക വിരുദ്ധ നടപടിയും മുനിസിപല്‍ പ്രദേശത്തു പ്രശ്‌നമായി. തേക്കിന്‍കാട് ടാങ്ക് രാത്രി 10ന് അടച്ച് പുലര്‍ച്ചെ 4.30ന് തുറന്നുവിടുന്ന സ്ഥിതിയായിരുന്നു പണ്ട്. ഇതിപ്പോള്‍ സന്ധ്യക്ക് 7ന് തന്നെ തേക്കിന്‍കാട് ടാങ്ക് അടക്കുന്ന സ്ഥിതിയായി.
14.5 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് തേക്കിന്‍കാട് ടാങ്കില്‍ നിന്നുള്ള വിതരണശേഷിയെങ്കിലും 600 എം—എം —കാസ്റ്റ് അയേണ്‍ പൈപ്പ് തുരുമ്പ് പിടിച്ച് വ്യാസം കുറഞ്ഞതുമൂലം 12 ദശലക്ഷം ലിറ്റര്‍ വെള്ളമായി ശേഷികുറഞ്ഞതായി അതോറിറ്റി രഹസ്യമായി സമ്മതിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അതിലും കുറവ് വെള്ളമേ വിതരണത്തിന് എത്തുന്നുള്ളൂ.
അതില്‍നിന്നും പഴയ മുനിസിപല്‍ പ്രദേശത്തിന് പുറത്തേക്ക് പൈപ്പ് നീട്ടി വെള്ളം നല്‍കിയും കോര്‍പറേഷന്‍ അറിയാതെ സ്വന്തം പൈപ്പ് ലെയിനുകളിലേക്ക് അതോറിറ്റി വക ബൈപാസിങ്ങ് മൂലവും നഗരത്തിലെ ജലവിതരണം പിന്നേയും കുറയുകയാണ്. പഴയ മുനിസിപ്പല്‍ പ്രദേശത്തെ ജലവിതരണചുമതല കേ ാര്‍പറേഷനാണ്. ഇതിനായി 8 ദശലക്ഷം ലിറ്റര്‍ വെള്ളം പോലും അതോറിറ്റി കോര്‍പറേഷന് ന ല്‍കുന്നില്ലെങ്കിലും 20 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നുവെന്ന് കണക്കാക്കിയാണ് കോര്‍പറേഷനില്‍നിന്നും വാട്ടര്‍ ചാര്‍ജ് ഈടാക്കുന്നത്. രണ്ടരലക്ഷം രൂപ ചിലവാക്കി തേക്കിന്‍കാട് ടാങ്കിലൊരു മീറ്റര്‍ ഘടിപ്പിച്ചാല്‍ നിജസ്ഥിതി അറിയാമെങ്കിലും കേ ാര്‍പറേഷന്‍ നേതൃത്വത്തിന് ഇതിലൊന്നും ഒരു താല്‍പര്യവുമില്ല.
50.5 ദശലക്ഷം ലിറ്റര്‍ ഉല്‍പാദിപ്പിക്കുന്നതില്‍ 20 ദശലക്ഷം അതോറിറ്റിയും 20 ദശലക്ഷം ലിറ്റര്‍ കോര്‍പറേഷനും വിതരണം ചെയ്യുന്നുണ്ടെന്നും ബാക്കി 10 ദശലക്ഷം ലിറ്റര്‍ കണക്കില്‍ കാണാനില്ലെന്നും പദ്ധതി ചുമതല വഹിക്കുന്ന വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തന്നെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നതാണ്.
700 എംഎം പൈപ്പ് ലെയിനിലെ ചോര്‍ച്ചയും പീച്ചി ഡാമില്‍ ജലവിതാനം കുറഞ്ഞതും ഇടക്കിടെ വൈദ്യുതി സ്തംഭനംമൂലം പമ്പിങ്ങ് മുടങ്ങുന്നതുമാണ് ജലവിതരണ പ്രതിസന്ധിക്ക് കാരമമെന്നാണ് അതോറിറ്റി എന്‍ജിനീയര്‍മാരുടെ വിശദീകരണം. പീച്ചി ഡാമില്‍ ഇപ്പോഴും സമൃദ്ധിയായി ജലമുണ്ട്. അതുകൊണ്ട് കുടിവെള്ള വിതരണത്തിന് ആശങ്കക്ക് കാരണമില്ല. മാത്രമല്ല പമ്പിങ്ങ് നടത്തിയാണ് വെള്ളം എടുക്കുന്നതെന്നതിനാല്‍ ജലവിതാനകുറവ് പ്രശ്‌നമാവേണ്ടതില്ല. രണ്ടു ഫീഡറുകള്‍ വഴി പീച്ചിയില്‍ വൈദ്യുതി നല്‍കുന്നതിനാല്‍ പമ്പിങ്ങിന് ഒരിക്കലും പ്രശ്‌നമില്ലെന്നും അതോറിറ്റി എന്‍ജിനീയര്‍മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിദഗ്ദര്‍ പറയുന്നു.
Next Story

RELATED STORIES

Share it