thrissur local

പീച്ചിയിലെ പഴയ ജലശുദ്ധീകരണ പ്ലാന്റ് നവീകരണം: മന്ത്രിമാര്‍ ചര്‍ച്ച നടത്തി

തൃശൂര്‍: പീച്ചിയിലെ പഴയ ജലശുദ്ധീകരണപ്ലാന്റ് നവീകരണപദ്ധതി നടപ്പാക്കണമെന്ന കോ ര്‍പ്പറേഷന്‍ കൗണ്‍സില്‍ ആവശ്യത്തില്‍ മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഇറിഗേഷന്‍ മന്ത്രി മാത്യു.ടി.തോമസുമായി ചര്‍ച്ച നടത്തി.
അമൃതം പദ്ധതിയില്‍ മൂന്ന് കോടി ചിലവില്‍ പ്ലാന്റ് നവീകരിക്കാനുള്ള കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
നവീകരണ തീരുമാനം നടപ്പാക്കണമെന്നും മറിച്ചൊരു തീരുമാനം ഉണ്ടായികൂടെന്നും അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ഇറിഗേഷന്‍ മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിതലത്തില്‍ ഉടനെതന്നെ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്കൂട്ടി നവീകരണം നടപ്പാക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാമെന്ന് മാത്യു ടി.തോമസ് ഉറപ്പ് നല്‍കിയതായും മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു.അമൃതം പദ്ധതിയില്‍ 20 ദശലക്ഷം ലിറ്ററിന്റെ പുതിയ ശുദ്ധീകരണപ്ലാന്റ് പീച്ചിയില്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. നിലവിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള 14.5 ദശലക്ഷം ലിറ്ററിന്റെ ശുദ്ധീകരണപ്ലാന്റ് നവീകരണത്തിനും കോര്‍പ്പറേഷനും അതോറിറ്റിയും ചേര്‍ന്ന് തീരുമാനമെടുത്തതാണ്.
നവീകരണത്തിനായി പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും അതോറിറ്റി തന്നെ വാങ്ങി.ടെണ്ടര്‍ വിളിക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനമെടുത്തതാണ്. അതിന്‌ശേഷമാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പോലും അറിയാതെ നവീകരണപദ്ധതി ഉപേക്ഷിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ തീരുമാനമുണ്ടായത്. കോര്‍പ്പറേഷന് വേണ്ടി കോര്‍പ്പറേഷന്‍ പണം ചിലവാക്കി നടപ്പാക്കുന്ന പദ്ധതി, വെറും കണ്‍സള്‍ട്ടന്‍സിയായ അതോറിറ്റി കൗണ്‍സില്‍ പോലും അറിയാതെ ഉപക്ഷേക്കുന്നതു പ്രതിഷേധത്തിനിടയാക്കിയിരുന്നു. 60 വര്‍ഷമായെങ്കിലും ഒരു ദിവസം പോലും മുടങ്ങാതെ പഴയ മുനിസിപ്പില്‍ പ്രദേശത്ത് ജലവിതരണം നടത്തിവന്നിരുന്നതാണീ പ്ലാന്റ്. പഴക്കം മൂലം പദ്ധതി ഉപേക്ഷിക്കാറായെന്ന് അതോറിറ്റി ഒരിക്കല്‍ പോലും അഭിപ്രായപ്പെട്ടിരുന്നുമില്ല.
നിലവിലുള്ള 50.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലവിതരണപദ്ധതികള്‍ക്കു പുറമെ പുതിയ 20 ദശലക്ഷം ലിറ്ററിന്റെ അധിക ജലം ഉല്‍പാദിപ്പിക്കുന്ന പദ്ധതികൂടി അമൃതം പദ്ധതിയില്‍ സ്ഥാപിക്കുന്നതോടെ കോര്‍പ്പറേഷന്‍ പ്രദേശത്തു 24 മണിക്കൂറും സമൃദ്ധമായ ജലവിതരണ സാധ്യമാകുമായിരുന്നുവെങ്കിലും 14.5 ദശലക്ഷം ലിറ്ററിന്റെ പഴയ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം ജനങ്ങളുടെ ജലവിതരണ പ്രശ്‌നപരിഹാര പ്രതീക്ഷ തകര്‍ക്കുന്നതായിരുന്നു. അധികമായി ഉല്‍പാദിപ്പിക്കുന്ന 20 ദശലക്ഷം ലിറ്റര്‍ വെള്ളം തൃശൂരിലെത്തിക്കാന്‍ അമൃതംപദ്ധതിയില്‍ പൈപ്പിടല്‍ പദ്ധതി അതോറിറ്റി തയ്യാറാകാത്തതുമൂലമുണ്ടായ വീഴ്ച പരിഹരിക്കാനാണ് നിലവിലെ പദ്ധതി ഉപേക്ഷിക്കാനുള്ള നടപടിയത്രെ. പഴയ പദ്ധതിയിലെ 600എം എം പൈപ്പ് ലൈനിലൂടെ പുതിയ പദ്ധതിയിലെ വെള്ളമെത്തിക്കാനാണ് അതോറിറ്റിയുടെ തലതിരിഞ്ഞ ആലോചന.
എന്തായാലും  അതനുവദിക്കുന്ന പ്രശ്‌നമില്ലെന്നും നിലവില്‍  നിലനില്‍ക്കുന്ന പദ്ധതികള്‍ നിലനിറുത്തി പുതിയ പദ്ധതിയും അധികമായി നടപ്പാക്കുമെന്നും തൃശൂരിന്റെ എംഎല്‍എ കൂടിയായ അഡ്വ.വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it