Districts

പി സി ജോര്‍ജ് രാജിക്കത്ത്  നല്‍കി

തിരുവനന്തപുരം: പി സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എന്‍ ശക്തനു രാജിക്കത്ത് കൈമാറി. കേരളാ കോണ്‍ഗ്രസ് (സെക്കുലര്‍) പുനസ്സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് പി സി ജോര്‍ജ് അറിയിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ സ്പീക്കറുടെ ചേംബറിലെത്തിയ പി സി ജോര്‍ജ് സ്വന്തം കൈപ്പടയില്‍ രാജിക്കത്ത് എഴുതിനല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു.
നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ച് സ്പീക്കര്‍ക്കു മുമ്പില്‍ രാജിക്കത്ത് എഴുതി നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്ന് രാജിക്കു ശേഷം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ് പറഞ്ഞു. സ്പീക്കറുടെ തീരുമാനം കാത്തിരിക്കുകയാണ്. അഴിമതിക്കെതിരേ ശക്തമായി പോരാടിയതിനാലാണ് കെ എം മാണിയും അനുചരന്മാരും തനിക്കെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ മനസ്സാക്ഷി അനുവദിക്കാത്തതിനാലാണ് അഭിമാനപൂര്‍വം രാജിവയ്ക്കുന്നത്.
ഈ മാസം 22 മുതല്‍ കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയുടെ പുനസ്സംഘടനയുമായി മുന്നോട്ടുപോകും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ പിന്തുണച്ച് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മല്‍സരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ഹരജി നല്‍കിയ തോമസ് ഉണ്ണിയാടനെതിരേയും സ്പീക്കര്‍ക്ക് പ്രത്യേക പരാതി പി സി ജോര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.
കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസ്-എം നേതാവ് തോമസ് ഉണ്ണിയാടന്റെ പരാതിയിലാണ് സ്പീക്കര്‍ പി സി ജോര്‍ജിനെതിരേ നടപടി ആരംഭിച്ചത്. ഹരജിയില്‍ സ്പീക്കര്‍ ഇന്നു തീരുമാനം അറിയിക്കാനിരിക്കെയാണ് പി സി ജോര്‍ജ് രാജിവച്ചത്. അയോഗ്യനാക്കുന്നതിനു മുമ്പ് രാജി നല്‍കിയതിലൂടെ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ നിന്നു പി സി ജോര്‍ജ് ഒഴിവാകും.
Next Story

RELATED STORIES

Share it