പി സി ജോര്‍ജ് മുന്നണിമര്യാദ ലംഘിച്ചതായി വി ഡി സതീശന്റെ മൊഴി

തിരുവനന്തപുരം: പി സി ജോര്‍ജ് മുന്നണിമര്യാദ ലംഘിച്ചതായി വി ഡി സതീശന്‍ എംഎല്‍എ സ്പീക്കര്‍ക്ക് മൊഴി നല്‍കി. പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് നല്‍കിയ കേസിലാണ് സതീശന്‍ മൊഴി നല്‍കിയത്.

യുഡിഎഫില്‍ നിന്നുകൊണ്ടുതന്നെ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണ് ജോര്‍ജ് ചെയ്തത്. അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അഴിമതി വിരുദ്ധ ജനാധിപത്യമുന്നണിക്ക് രൂപംനല്‍കുകയും യുഡിഎഫിനെതിരായി സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ഇതിനെല്ലാം തെളിവുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. പുറത്താക്കിയശേഷവും പ്രത്യക്ഷമായോ പരോക്ഷമായോ യുഡിഎഫിനെ ആക്രമിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നിയമവശങ്ങളൊക്കെ പരിശോധിച്ചാല്‍ ജോര്‍ജ് അയോഗ്യനാവുമെന്നും സതീശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച പത്രവാര്‍ത്തകളും മറ്റു തെളിവുകളും സതീശന്‍ സമര്‍പ്പിച്ചു.
കേസില്‍ അന്തിമവാദം നവംബര്‍ 6, 7 തിയ്യതികളിലായി നടക്കും. എംഎല്‍എമാരായ വി എസ് സുനില്‍കുമാര്‍, എ പ്രദീപ്കുമാര്‍ എന്നിവര്‍ ഇന്നലത്തെ തെളിവെടുപ്പിന് ഹാജരാവേണ്ടിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞേ മൊഴിനല്‍കാന്‍ കഴിയൂവെന്ന് നേരത്തേ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്തിമവാദത്തില്‍ ഇവരില്‍നിന്നും നിയമസഭാ സെക്രട്ടറിയില്‍നിന്നും മൊഴിയെടുക്കും.
അതേസമയം, അന്തിമവാദം പൂര്‍ത്തിയായശേഷം താന്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പി സി ജോര്‍ജ് സ്പീക്കറെ അറിയിച്ചു. ഇന്നലെ നടന്ന തെളിവെടുപ്പില്‍ മന്ത്രി കെ എം മാണിക്കും മകന്‍ ജോസ് കെ മാണിക്കുമെതിരായി ജോര്‍ജ് അഴിമതിയാരോപണമുന്നയിച്ചു. താന്‍ എല്‍ഡിഎഫുമായി കൂട്ടുകൂടിയിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. ഇന്നലെ 12 ഓടെ ആരംഭിച്ച തെളിവെടുപ്പ് രാത്രി വരെ നീണ്ടു. പി സി ജോര്‍ജിനു വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ജൂനിയറാണ് ഹാജരായത്. സ്പീക്കര്‍, നിയമസഭാ സെക്രട്ടറി എസ് ശാര്‍ങ്ഗധരന്‍ എന്നിവര്‍ക്കു മുന്നിലാണ് സതീശന്‍ മൊഴി നല്‍കിയത്. കേസില്‍ പി സി ജോര്‍ജിനെതിരേ ഈ മാസം 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും മൊഴിനല്‍കിയിരുന്നു. യുഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ഇരുവരും പറഞ്ഞത്.
Next Story

RELATED STORIES

Share it