പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം പരിശോധിക്കും: സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശം നിയമസഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. റിപോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കും.
ഇതിന് മുമ്പും പി സി ജോര്‍ജിനെതിരേ നിയമസഭാ എത്തിക്‌സ് കമ്മിറ്റി താക്കീത് ചെയ്തിട്ടുണ്ട്. കമ്മിറ്റിക്ക് കൂടുതല്‍ അധികാരങ്ങളുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. നമ്മുടെ നിയമ, നീതിന്യായ വ്യവസ്ഥകളുടെ പരിരക്ഷ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിലകൊള്ളേണ്ടവരാണ് സാമാജികര്‍. ഇപ്പോള്‍ ഉയര്‍ന്നുവന്ന തരം കേസുകളില്‍ സ്ത്രീകളുടെ പരാതി അടിസ്ഥാനമായി പരിഗണിച്ചാണ് കേസും നടപടികളുമുണ്ടാവുന്നത്. ഈ ഘട്ടത്തില്‍ ഇത്തരം നിലപാടുകള്‍ സാമാജികരുടെ ഭാഗത്തുനിന്നുണ്ടാവുന്നത് നിര്‍ഭാഗ്യകരമാണ്. അതേസമയം, എ പ്രദീപ്കുമാര്‍ അധ്യക്ഷനായ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ പി സി ജോര്‍ജും അംഗമാണ്. തനിക്കെതിരായ പരാതി പരിഗണിക്കുമ്പോള്‍ ജോര്‍ജ് മാറിനില്‍ക്കേണ്ടിവരും. പി കെ ശശി എംഎല്‍എക്കെതിരായ പരാതിയില്‍ നടപടികള്‍ അതിന്റെ വഴിക്ക് നടക്കും. സാമാജികര്‍ക്ക് പ്രത്യേക പരിഗണന ഒരു കാര്യത്തിലും കിട്ടാറില്ല. നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലനകേന്ദ്രത്തെ പ്രമുഖ സര്‍വകലാശാലകളുമായി സഹകരിച്ച് വിപുലമായ പഠന ഗവേഷണ കേന്ദ്രമായി വികസിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, ജലന്ധര്‍ ബിഷപ്പുമായി ബന്ധപ്പെട്ട കേസില്‍ കന്യാസ്ത്രീയെ കുറിച്ച് അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ പി സി ജോര്‍ജ് എംഎല്‍എക്കെതിരേ സാധ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണവുമായ ബന്ധെപ്പട്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണം സര്‍ക്കാര്‍ നിലപാട് ശരിവയ്ക്കുന്നതാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ ഇരയായ കന്യാസ്ത്രീക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it