പി സി ജോര്‍ജിന്റെ അയോഗ്യത റദ്ദാക്കി

കൊച്ചി: കൂറുമാറ്റ നിരോധന നിയമപ്രകാരം പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നിയമസഭാ സ്പീക്കറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കൂറുമാറ്റക്കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍, രാജിക്കത്ത് സമര്‍പ്പിച്ചശേഷം അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാതെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയിന്മേല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത് നിയമാനുസൃതമല്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ ഉത്തരവ്.
ഭരണഘടന അനുശാസിക്കുംവിധം രാജിക്കത്ത് നല്‍കിയാല്‍ അതോടെ എംഎല്‍എ സ്ഥാനം ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പി സി ജോര്‍ജിന്റെ രാജിക്കത്ത് ലഭിച്ചശേഷം സ്പീക്കര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ക്കു മുതിരുന്നില്ലെന്നും വ്യക്തമാക്കി. രാജിക്കത്ത് സ്വീകരിക്കാതെ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള സ്പീക്കറുടെ തീരുമാനം ദുരുദ്ദേശ്യപരമാണെന്നും ജോര്‍ജിനെ നാണംകെടുത്തി ഇറക്കിവിടാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കരുതാമെന്നും വിധിന്യായത്തില്‍ പറയുന്നു.
ഒപ്പും സീലുമില്ലാത്ത ഉത്തരവാണ് സ്പീക്കര്‍ പുറപ്പെടുവിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടിയിലെ അന്തിമോത്തരവ് പുറപ്പെടുവിക്കും മുമ്പ് രാജിക്കത്ത് നല്‍കിയ സാഹചര്യത്തില്‍ സ്പീക്കറുടെ ഉത്തരവ് നിയമപരമല്ല. സ്പീക്കറുടെ നടപടി അനാവശ്യവും അനവസരത്തിലുമായിരുന്നു.
രാജിക്കത്ത് തള്ളിയത് പി സി ജോര്‍ജിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്തുകൊണ്ടാണ് കത്ത് നിരസിച്ചതെന്ന് വ്യക്തമാക്കിയിട്ടുമില്ല. ചട്ടമനുസരിച്ച് രാജിക്കത്ത് സ്വമേധയാ നല്‍കിയതല്ലെങ്കിലോ വ്യാജമാണെങ്കിലോ സ്പീക്കര്‍ക്ക് തള്ളാം. ജോര്‍ജ് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി നേരിട്ടു സമര്‍പ്പിച്ച രാജിക്കത്തില്‍ ഇത്തരം ചോദ്യങ്ങള്‍ പ്രസക്തമല്ല. എന്നിട്ടും അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവില്‍ രാജിക്കത്ത് പരിശോധനയ്ക്കായി മാറ്റിയെന്നു പറയുന്നു.
ജോര്‍ജിന്റെ രാജി സ്വീകരിക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഇല്ലായിരുന്നുവെന്നും രാജിക്കത്ത് കൈമാറിയാലുടന്‍ സ്പീക്കര്‍ അത് അംഗീകരിക്കുകയാണു വേണ്ടതെന്നും കോടതി വിലയിരുത്തി. കഴിഞ്ഞ നവംബര്‍ 12നാണ് നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കിയതെന്നും അത് അംഗീകരിക്കാതെയാണ് തന്നെ അയോഗ്യനാക്കിയതെന്നുമായിരുന്നു ജോര്‍ജിന്റെ ഹരജി.
അതേസമയം, പാര്‍ട്ടി അംഗത്വം പി സി ജോര്‍ജ് സ്വയം ഉപേക്ഷിച്ചതാണെന്ന വാദമടക്കമുള്ള കാര്യങ്ങള്‍ സ്പീക്കര്‍ക്ക് വീണ്ടും പരിശോധിക്കാമെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ആവശ്യമുണ്ടോയെന്നതു സംബന്ധിച്ച് ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളുടെയും വാദം കേട്ടശേഷം തീരുമാനമെടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
പി സി ജോര്‍ജിനെതിരേ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തെ അയോഗ്യനാക്കിയത്. 2015 നവംബര്‍ 12നാണ് ജോര്‍ജ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ഇതു സ്വീകരിക്കാതെ തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ തൊട്ടടുത്ത ദിവസം ജോര്‍ജിനെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച സ്പീക്കറുടെ ഉത്തരവില്‍ രാജിക്കത്തിലെ തുടര്‍നടപടികള്‍ അന്വേഷണത്തിനായി മരവിപ്പിച്ചതായി പറഞ്ഞിട്ടുമുണ്ട്. പി സി ജോര്‍ജിന്റെ രാജി അയോഗ്യതയെ മറികടക്കാനാണെന്ന് പറയാനാവുമെങ്കിലും രാജി സ്വീകരിക്കാതിരിക്കാന്‍ ഇതു മതിയായ കാരണമല്ല. രാജിക്കത്ത് മരവിപ്പിച്ച് അയോഗ്യനാക്കിയതിലൂടെ ജോര്‍ജിന്റെ ഭരണഘടനാപരമായ അവകാശം നിഷേധിച്ചെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it