പി സി ജോര്‍ജിന്റെകൊട്ടിന് തിരിച്ചടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നു മാറിയിരുന്നതിനെ വിമര്‍ശിച്ച പി സി ജോര്‍ജിന് ദിവസങ്ങള്‍ക്കുശേഷം സഭയില്‍ തന്നെ മറുപടി നല്‍കി മുഖ്യമന്ത്രി. കഴിഞ്ഞ 30ന് നയപ്രഖ്യാപനത്തിലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴായിരുന്നു പിസിയുടെ വിമര്‍ശനം. നന്ദിപ്രമേയ ചര്‍ച്ചയ്ക്കു മറുപടി പറയേണ്ട മുഖ്യമന്ത്രി തന്റെ സീറ്റില്‍നിന്ന് എഴുന്നേറ്റു മാറി പിന്‍സീറ്റില്‍ ഇരിക്കുന്നതു ശരിയല്ലെന്നു പിസി പറഞ്ഞു. ഇതുകേട്ട മുഖ്യമന്ത്രി ഉടന്‍ എഴുന്നേറ്റ് തന്റെ സീറ്റില്‍ ഇരിക്കുകയും ചെയ്തു. ഇതുപോലെ നാവുണ്ടായാല്‍ എന്തു ചെയ്യും. പലതും പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ, പറയുന്നില്ലെന്നും പിസി തുറന്നടിച്ചു. ഇതിനുള്ള മറുപടി ഇന്നലെ മുഖ്യമന്ത്രി നല്‍കി. വി കെ ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ പി സി ജോര്‍ജ് മുഖ്യമന്ത്രിക്കു പിന്നില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കു സമീപത്ത് വന്നിരുന്നു. തന്റെ പ്രസംഗത്തിനിടെ ജോര്‍ജിന്റെയും മേഴ്‌സിക്കുട്ടിയമ്മയുടെയും സംഭാഷണം ഉച്ചത്തില്‍ കേട്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സര്‍, രണ്ടുപേരുടെ സംസാരം ഇതിനിടെ കേള്‍ക്കുന്നുണ്ട്. മൈക്ക് ഇല്ലാതെ തന്നെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിവുള്ളവരാണ് ഇരുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Next Story

RELATED STORIES

Share it