പി ശ്രീരാമകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍'; യുഡിഎഫ് വോട്ട് ചോര്‍ന്നു

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ സ്പീക്കറായി പി ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടേം സ്പീക്കറായ എസ് ശര്‍മയുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പില്‍ എല്‍ഡിഎഫ് പ്രതിനിധിയായി മല്‍സരിച്ച ശ്രീരാമകൃഷ്ണന് 92 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ യുഡിഎഫിലെ വി പി സജീന്ദ്രന് 46 വോട്ടുകള്‍ കിട്ടി. പ്രോടേം സ്പീക്കറായ എസ് ശര്‍മ വോട്ടുചെയ്തില്ല.
യുഡിഎഫില്‍ നിന്ന് ഒരുവോട്ട് എല്‍ഡിഎഫിലേക്ക് മറിഞ്ഞപ്പോള്‍ സ്വതന്ത്ര അംഗമായ പി സി ജോര്‍ജ് തന്റെ വോട്ട് അസാധുവാക്കി. ബിജെപി പ്രതിനിധി ഒ രാജഗോപാലിന്റെ വോട്ടും എല്‍ഡിഎഫിന് ലഭിച്ചു. 91 പേരുടെ അംഗബലമാണ് എല്‍ഡിഎഫിനുള്ളത്. എസ് ശര്‍മ വോട്ട് ചെയ്യാതിരുന്ന സാഹചര്യത്തില്‍ 90 വോട്ടുകള്‍ ലഭിക്കേണ്ടിടത്താണ് എല്‍ഡിഎഫിന് 92 പേരുടെ പിന്തുണ ലഭിച്ചത്.
പി സി ജോര്‍ജ് വോട്ട് ചെയ്യാന്‍ ബാലറ്റ് വാങ്ങിയെങ്കിലും ഒന്നും അടയാളപ്പെടുത്താതെ പെട്ടിയിലിട്ടു. മന്ത്രിമാരാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യവോട്ട് ചെയ്തു. തുടര്‍ന്ന് ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ക്രമത്തില്‍ വോട്ടുചെയ്തു മടങ്ങി. ഭരണ-പ്രതിപക്ഷ മുന്നണികളുടെ കൗണ്ടിങ് ഏജന്റുമാരായ എ പ്രദീപ്കുമാറിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തിലാണു വോട്ടുകള്‍ എണ്ണിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രോടേം സ്പീക്കര്‍ ഫലം പ്രഖ്യാപിച്ചു.
ഇതോടെ അംഗങ്ങള്‍ ശ്രീരാമകൃഷ്ണന് ആശംസകളുമായെത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്നു പുതിയ സ്പീക്കറെ ചേംബറിലേക്ക് ആനയിച്ചു. തുടര്‍ന്ന്, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷിനേതാക്കളും സ്പീക്കര്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏറെ സൗമ്യനും ശാന്തനുമായ സ്പീക്കര്‍ക്ക് സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു. സൗമ്യനായ നേതാവെന്ന നിലയില്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീരാമകൃഷ്ണന് നീതിപൂര്‍വവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നതില്‍ സംശയമില്ല.കഴിഞ്ഞ സഭയുടെ കാലത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ ഇത്തവണ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും ചെന്നിത്തല ഉറപ്പുനല്‍കി. സൗമ്യനും ശാന്തനുമായ ശ്രീരാമകൃഷ്ണന്‍ സ്പീക്കറെന്ന നിലയില്‍ ശോഭിക്കുമെന്നു പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കര്‍മശേഷിയുടെയും വ്യക്തിമാഹാത്മ്യത്തിന്റെയും തെളിവാണ് ശ്രീരാമകൃഷ്ണനു ലഭിച്ച സ്പീക്കര്‍ പദവിയെന്ന് കെ എം മാണി വ്യക്തമാക്കി. മനസ്സില്‍ സ്‌നേഹം സൂക്ഷിക്കുന്ന നല്ല സുഹൃത്ത് ഇത്രയും വലിയ പദവിയിലെത്തിയതില്‍ സന്തോഷമെന്ന് കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. സ്പീക്കറില്‍നിന്നു ധാര്‍മികതയുടെ വെളിച്ചം പ്രതീക്ഷിക്കുന്നതായി ഒ രാജഗോപാല്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍, തോമസ് ചാണ്ടി, അനൂപ് ജേക്കബ്, കടന്നപ്പള്ളി രാമചന്ദ്രന്‍, സി കെ നാണു, എന്‍ വിജയന്‍ പിള്ള എന്നിവരും ആശംസകളറിയിച്ചു.
എല്ലാവര്‍ക്കും നന്ദിരേഖപ്പെടുത്തിയ സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ ശബ്ദവും അവകാശങ്ങളും സംരക്ഷിക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ കാര്യങ്ങള്‍ യഥാസമയം നടത്താനും തനിക്കു ബാധ്യതയുണ്ടെന്നു പറഞ്ഞു. സംവാദ സംസ്‌കാരത്തിനായി സ്വയം സജ്ജരാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കര്‍ തിരഞ്ഞെടുപ്പോടെ ഇന്നലെ പിരിഞ്ഞ സഭ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 24 മുതല്‍ വീണ്ടും സമ്മേളിക്കും. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായും പി കെ കുഞ്ഞാലിക്കുട്ടിയെ പ്രതിപക്ഷ ഉപനേതാവായും സ്പീക്കര്‍ അംഗീകരിച്ചു.
Next Story

RELATED STORIES

Share it