Flash News

പി ശശി സിപിഎമ്മിലേക്ക് തിരിച്ചെത്തുന്നു; തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും

പി ശശി സിപിഎമ്മിലേക്ക് തിരിച്ചെത്തുന്നു; തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും
X


തലശ്ശേരി: ലൈംഗികാരോപണത്തിന്റെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശി പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നു. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായി ശശി തിരിച്ചെത്തുന്നത്. പി ശശിയെ തിരിച്ചെടുക്കാനുള്ള സംസ്ഥാന കമ്മിറ്റി തീരുമാനം ജില്ലാ കമ്മിറ്റിയില്‍ റിപോര്‍ട്ട് ചെയ്യുകയും കമ്മിറ്റി അതിന് അംഗീകാരം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് തലശ്ശേരി ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി റിപോര്‍ട്ട് അംഗീകരിച്ചു. ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതികളായതിനാല്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാവാതായതോടെ തലശ്ശേരി ഏരിയാ കമ്മിറ്റിയില്‍ നേതൃപരമായ പങ്കുവഹിക്കുന്നവരുടെ എണ്ണം കുറവാണെന്ന വിലയിരുത്തലാണ് പി ശശിയെ തലശ്ശേരിയിലേക്ക് നിയോഗിക്കാന്‍ കാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രത്യേക താല്‍പര്യവും ഇതിനു പിന്നിലുണ്ടെന്നാണു വിവരം. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം തലശ്ശേരി ബാറില്‍ അഭിഭാഷകനായിരുന്നതും മുതല്‍കൂട്ടാവുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
2011 ജൂലൈയിലാണ് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ലൈംഗികാരോപണത്തെ തുടര്‍ന്ന് പി ശശിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. ശശിക്കെതിരേ ആരോപണം ഉന്നയിച്ച സിപിഎമ്മിന്റെയും കര്‍ഷക സംഘത്തിന്റെയും മുതിര്‍ന്ന നേതാവായ സി കെ പി പത്്മനാഭനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു ശേഷം പ്രവര്‍ത്തനമണ്ഡലത്തില്‍ നിന്നു പിന്നോട്ടടിച്ച സി കെ പി വര്‍ഷങ്ങള്‍ക്കു ശേഷമാണ് മാടായി ഏരിയാ കമ്മിറ്റിയംഗമായി തിരിച്ചെത്തിയത്.
ഈയിടെ സിഐടിയുവിന്റെ ലോട്ടറി തൊഴിലാളി സംഘടനയുടെ ജില്ലാ പ്രസിഡന്റായും സികെപിയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പി ശശിക്കെതിരേ ആരോപണം ഉന്നയിച്ച ഡിവൈഎഫ്‌ഐ നേതാവ് അതിനു ശേഷം പാര്‍ട്ടിയില്‍ നിന്നു പുറത്താവുകയായിരുന്നു. എന്നാല്‍, ഉന്നതനേതാക്കളുമായി അടുപ്പം നിലനിര്‍ത്തിയ പി ശശി അഭിഭാഷകവൃത്തിയിലൂടെ പാര്‍ട്ടിയില്‍ കയറുകയായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള അഭിഭാഷക സംഘടനയുടെ നേതൃപദവിയിലെത്തിയ പി ശശി, സിപിഎമ്മുകാര്‍ പ്രതികളായ ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് തുടങ്ങിയ പ്രധാന കേസുകളില്‍ വരെ വക്കാലത്തുമായെത്തിയിരുന്നു. ഇപ്പോള്‍ കേസ് നിയമപരമായി ഇല്ലാതായതോടെയാണ് വീണ്ടും പാര്‍ട്ടിയിലേക്കു വാതില്‍ തുറന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it