പി വി ജോണിന്റെ മരണം; കുടുംബങ്ങളുടെ പരാതി പരിശോധിക്കും: മുഖ്യമന്ത്രി

മാനന്തവാടി: ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക-ശിക്ഷാ നടപടികള്‍ പര്യാപ്തമല്ലെന്ന കുടുംബങ്ങളുടെ പരാതി പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി വി ജോണിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാര്യ മറിയാമ്മ, മകന്‍ വര്‍ഗീസ് പി ജോണ്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ആത്മഹത്യ ചെയ്ത സംഭവം ദുഃഖകരമാണെന്നും അപ്പോള്‍ തന്നെ കുടുംബാംഗങ്ങളെ ഫോണിലൂടെ ആശ്വസിപ്പിച്ചിരുന്നുവെന്നും നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട വയനാട് ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരേ നടപടി എടുക്കാതെ മറ്റു ചിലര്‍ക്കെതിരേയാണ് പാര്‍ട്ടി തലത്തില്‍ നടപടിയുണ്ടായത്. കെ എല്‍ പൗലോസിനെതിരേ നടപടി വേണമെന്നു കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
പി വി ജോണിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതിന് ഡിസിസി പ്രസിഡന്റിനെ കുറ്റപ്പെടുത്തിയതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും എടുത്തിരുന്നില്ല. കെപിസിസി നിര്‍ദേശപ്രകാരം പി എം സുരേഷ്ബാബു അധ്യക്ഷനായ സമിതിയാണ് പി വി ജോണിന്റെ വിഷയം അന്വേഷിച്ചു റിപോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയ കെപിസിസി സെക്രട്ടറി പി എം സുരേഷ്‌കുമാറുമായി സംസാരിച്ചശേഷം കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചിച്ചു പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it