പി വി ജോണിന്റെ ആത്മഹത്യ; വയനാട് ഡിസിസി സെക്രട്ടറിയടക്കം അഞ്ചുപേരെ പുറത്താക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ കോണ്‍ഗ്രസ് ഒാഫിസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ വയനാട് ഡിസിസി സെക്രട്ടറി സില്‍വി തോമസ് അടക്കം അഞ്ചുപേരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
സില്‍വി തോമസ് പാര്‍ട്ടിയില്‍ വഹിക്കുന്ന എല്ലാ പദവികളില്‍ നിന്നും നീക്കം ചെയ്ത കെപിസിസി പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. അഡ്വ. ജോസ് കുമ്പക്കല്‍, ലേഖാ രാജീവന്‍, വി കെ ജോസ്, പി കെ രാജന്‍ മാസ്റ്റര്‍ എന്നിവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു കണ്‍വീനറായ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 17നാണ് സമിതി കെപിസിസി പ്രസിഡന്റ് വി എം സുധീരന് റിപോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി സ്വീകരിക്കാനുള്ള തീരുമാനമെടുത്തതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് പി വി ജോണിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ കെപിസിസിക്കുള്ള വിയോജിപ്പും അസംതൃപ്തിയും അറിയിച്ചു.
മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹകസമിതി അംഗവുമായ പി വി ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി കെ കെ എബ്രഹാം, കെപിസിസി നിര്‍വാഹകസമിതി അംഗം അഡ്വ. എന്‍ കെ വര്‍ഗീസ് എന്നിവരുടെ നടപടിയില്‍ കെപിസിസി അസന്തുഷ്ടി രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it