wayanad local

പി വി ജോണിന്റെ ആത്മഹത്യ ; കെപിസിസി റിപോര്‍ട്ട് സംബന്ധിച്ച് ചൂടന്‍ ചര്‍ച്ച

കല്‍പ്പറ്റ: ഡിസിസി ജനറല്‍ സെക്രട്ടറി പി വി ജോണ്‍ നവംബര്‍ എട്ടിനു മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് മൂന്നംഗ കമ്മീഷന്‍ ഈ മാസം 17ന് കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കുന്ന അന്വേഷണ റിപോര്‍ട്ട് ജില്ലയില്‍ കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വിഷയമായി. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിന് സ്ഥാനചലനം ഉണ്ടാവുമെന്നാണ് ഒരു വിഭാഗത്തിന്റെ അനുമാനം. എന്നാല്‍, പാര്‍ട്ടി നടപടി ഡിസിസി ജനറല്‍ സെക്രട്ടറി സില്‍വി തോമസിന്റെ സസ്‌പെന്‍ഷനില്‍ ഒതുങ്ങുമെന്നാണ് മറ്റൊരു ചേരിയുടെ അഭിപ്രായം.
മാനന്തവാടി നഗരസഭയിലെ പുത്തന്‍പുര വാര്‍ഡില്‍ പാര്‍ട്ടി വിമതന്‍ അടക്കമുള്ളവരോട് മല്ലടിച്ച് നാലാം സ്ഥാനത്തായതില്‍ മനംനൊന്തായിരുന്നു ദീര്‍ഘകാലം കോണ്‍ഗ്രസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജോണിന്റെ ആത്മഹത്യ.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളായി ഡിസിസി ജനറല്‍ സെകട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സില്‍വി തോമസ്, പ്രാദേശിക നേതാക്കളായ വി കെ ജോസ് എന്നിവരെ പ്രത്യക്ഷമായും ഡിസിസി പ്രസിഡന്റിനെ പരോക്ഷമായും ജോണ്‍ ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു.
രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യാന്‍ കഴിയാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു.
ഡിസിസി സെക്രട്ടറിയുടെ മരണം കോണ്‍ഗ്രസ് ജില്ലാ ഘടകത്തില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റാണ് ഉയര്‍ത്തിയത്. ജോണിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയും ആത്മഹത്യയും സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണവും നടപടിയും വേണമെന്നു മന്ത്രി ജയലക്ഷ്മിയടക്കമുള്ളവര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു.
കെപിസിസി യോഗത്തില്‍ ഡിസിസി പ്രസിഡന്റും ഇതേ ആവശ്യം ഉന്നയിച്ചു. ഈ പശ്ചാത്തലത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരവും കണക്കിലെടുത്താണ് കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം സുരേഷ് ബാബു, എന്‍ പി ജാക്‌സണ്‍, വി എ നാരായണന്‍ എന്നിവരടങ്ങുന്ന കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി മാനന്തവാടിയിലും കല്‍പ്പറ്റയിലും സിറ്റിങ് നടത്തിയിരുന്നു.
ജോണിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നതില്‍ പ്രദേശിക നേതാക്കളായ വി കെ ജോസ്, ലേഖ രാജീവന്‍ എന്നിവരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ ഡിസിസി പ്രസിഡന്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരായ നടപടിക്ക് ഇനി പ്രസക്തിയില്ല.
ആരോപണവിധേയരായ ഡിസിസി പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും കമ്മീഷന്‍ റിപോര്‍ട്ട് എങ്ങനെ ബാധിക്കുമെന്നറിയാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ കാതോര്‍ക്കുന്നത്. ജില്ലയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് പൗലോസിനെയും സില്‍വി തോമസിനെയും നിലവില്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്നു മാറ്റണമെന്ന ശുപാര്‍ശ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ, പ്രത്യേകിച്ചും എ വിഭാഗത്തില്‍ നിന്നുള്ളവരുടെ വിലയിരുത്തല്‍.
ഇതിന്റെ പേരില്‍ പ്രസിഡന്റ് പദവിയില്‍ അഴിച്ചുപണി വേണമെന്നു കമ്മീഷന്‍ ശുപാര്‍ശ ചെയ്യാനിടയില്ലെന്നാണ് ഐ ഗ്രൂപ്പിലെ ചിലരുടെ അനുമാനം. കമ്മീഷന്‍ റിപോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കെപിപിസി പ്രസിഡന്റ് നടപടികള്‍ പ്രഖ്യാപിക്കൂ എന്നാണ് പാര്‍ട്ടി ജില്ലാ ഘടകത്തില്‍ ഭൂരിപക്ഷവും കരുതുന്നത്.
കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നു നേരത്തേ ജോണിന്റെ വസതി സന്ദര്‍ശിച്ച വി എം സുധീരന്‍ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ജനവരി നാലിനാണ് തുടക്കം. ഇതിനു മുമ്പ്, ജോണിന്റെ ആത്മഹത്യയ്ക്കു കാരണക്കാരായി കണ്ടെത്തിയവര്‍ക്കെതിരേ നടപടി പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it