പി വി അന്‍വറിനോട് സ്പീക്കര്‍ വിശദീകരണം തേടും

തിരുവനന്തപുരം: നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കെ നിയമലംഘനങ്ങള്‍ നടത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനോട് വിശദീകരണം തേടുമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ പരാതിയിലാണ് നടപടി. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതിയില്‍ അംഗമാണ് പി വി അന്‍വര്‍. അനില്‍ അക്കര, കെ ബാബു, ഒ ആര്‍ കേളു, പിടിഎ റഹീം, കെ എം ഷാജി, എം വിന്‍സന്റ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കാനും റിപോര്‍ട്ട് നല്‍കാനുമുള്ള നിയമസഭയുടെ സംവിധാനമാണ് സമിതി. ഈ സ്ഥാനത്ത് ഇരുന്നുകൊണ്ട് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിച്ചുവെന്നാണ് സുധീരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നിയമലംഘനങ്ങള്‍ സംബന്ധിച്ച് ആരോപണങ്ങള്‍ പുറത്തുവന്ന് മാസങ്ങള്‍ക്കു ശേഷമാണ് ആദ്യമായി അന്‍വറിനെതിരേ ഒരു നടപടിയുണ്ടാവുന്നത്. മലപ്പുറം കക്കാടംപൊയിലില്‍ അനുമതിയില്ലാതെ പാര്‍ക്കും കെട്ടിടങ്ങളും നിര്‍മിച്ചതായി പി വി അന്‍വറിനെതിരേ ആരോപണമുയര്‍ന്നിരുന്നു. പാര്‍ക്ക് നിര്‍മാണത്തിനായി മല ഇടിച്ചുനിരത്തുകയും ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് അനധികൃത ചെക്ക് ഡാം നിര്‍മിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. അനുമതിയില്ലാതെ റോപ്‌വേ നിര്‍മിക്കുകയും ജില്ലാ കലക്ടറുടെ സ്‌റ്റോപ് മെമ്മോ അവഗണിച്ച് റസ്‌റ്റോറന്റ് നിര്‍മിക്കുകയും ചെയ്തത് സംബന്ധിച്ചും എംഎല്‍എ അന്വേഷണം നേരിടുകയാണ്. കക്കാടംപൊയില്‍ വിഷയത്തില്‍ നിയമസഭാ സമിതി പരിശോധനയ്‌ക്കെത്തിയാല്‍ അംഗമെന്ന നിലയില്‍ പി വി അന്‍വറിനും സിറ്റിങില്‍ പങ്കെടുക്കാം.
Next Story

RELATED STORIES

Share it