പി വി അന്‍വര്‍ എംഎല്‍എയെ രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘത്തിന്റെ മലക്കം മറിച്ചില്‍

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം:  എല്ലാ തെളിവുകളും ലഭിച്ചിട്ടും സാമ്പത്തിക തട്ടിപ്പ് നടത്തിയ പി വി അന്‍വര്‍ എംഎല്‍എയെ രക്ഷിക്കാന്‍ അന്വേഷണ സംഘത്തലവന്‍ മഞ്ചേരി സിഐ എന്‍ ബി ഷൈജു ശ്രമിക്കുന്നതായി ആക്ഷേപം.  കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ടെന്നാണ് സി ഐയുടെ നിലപാട്. സര്‍ക്കാരില്‍ നിന്നും പോലിസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള നിര്‍ദേശമനുസരിച്ചാണ് ഈ നിലപാടെന്നാണ് സൂചന. പ്രവാസി വ്യവസായിയായ സലീമില്‍ നിന്നും ഇല്ലാത്ത ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. ഇതുസംബന്ധമായി പോലിസ് നടത്തിയ അന്വേഷണത്തില്‍ അന്‍വര്‍ എംഎല്‍എയുടെ തട്ടിപ്പുകള്‍ മുഴുവന്‍ പുറത്തുവന്നിരുന്നു. 2012ല്‍ അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ ഉണ്ടായിരുന്നില്ല. 2014 ലാണ് ക്രഷര്‍  വാങ്ങുന്നത്. 2015ലാണ് ലൈസന്‍സ് ലഭിക്കുന്നത്. 26 ഏക്കര്‍ എന്ന് അന്‍വര്‍ പറയുന്ന അഞ്ച് കോടി രൂപ വിലയുള്ള ക്രഷറിന്റെ ഭൂമിയുടെ വിസ്തീര്‍ണം 1.87 സെന്റ് മാത്രമാണ്. നാലു ലക്ഷത്തിനാണ് ഇതുവാങ്ങിയത്. ക്രഷറിലെ മറ്റു സംവിധാനങ്ങളുള്‍പ്പെടെ ആകെ വില പത്തര ലക്ഷം രൂപ മാത്രമാണ്. ഇതിനു പകരം സലീമിനെ പറഞ്ഞ് വിശ്വസിപ്പിച്ചത് അഞ്ച് കോടി രൂപയുടെ 26 ഏക്കര്‍ ഭൂമിയില്‍ കെ ഇ സ്റ്റോണ്‍ ക്രഷര്‍ യൂനിറ്റുണ്ടെന്നാണ്. ഇതിന്റെ മതിപ്പു വിലയായി പഞ്ചായത്തില്‍ അന്‍വര്‍ നല്‍കിയിരിക്കുന്നത് ആറര ലക്ഷം രൂപയാണ്. കരാര്‍ എഴുതുമ്പോള്‍ ഈ ക്രഷര്‍ ഇബ്രാഹിം എന്ന ആളുടെ പേരിലാണ്. അന്‍വറിന്റെ കരാറും വാദങ്ങളുമെല്ലാം കളവായിരുന്നുവെന്ന് അന്വേഷണത്തിനു നിയോഗിച്ച എസ്‌ഐ ഷാജിമോനും സിവില്‍ പോലിസ് ഓഫിസര്‍ സുരേന്ദ്രനും ബോധ്യമായിരുന്നു. അന്വേഷണ സംഘം മഞ്ചേരിയില്‍ മടങ്ങിയെത്തിയാലുടനെ അന്‍വറിന്റെ ചോദ്യം ചെയ്യലും അറസ്റ്റും നടക്കുമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍,  അന്വേഷണ സംഘത്തലവനായ മഞ്ചേരി സിഐ ഷൈജു നടപടിയെടുക്കാതെ ഉരുണ്ടു കളിക്കുകയാണ്.
Next Story

RELATED STORIES

Share it