പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി ബി അബ്ദുര്‍റസാഖ് (62) അന്തരിച്ചു. പനിയും ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയായിരുന്നു മരണം. വ്യവസായ പ്രമുഖനായിരുന്ന അബ്ദുര്‍റസാഖ് 2000ല്‍ ചെങ്കള പഞ്ചായത്തിലേക്കാണ് ആദ്യം മല്‍സരിച്ചത്. തുടര്‍ന്ന് അഞ്ചു വര്‍ഷം പ്രസിഡന്റായി.
2005 മുതല്‍ 2010 വരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2010 മുതല്‍ ഏഴു മാസത്തോളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2011ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിച്ച ഇദ്ദേഹം 5828 വോട്ടുകള്‍ക്ക് സിറ്റിങ് എംഎല്‍എ സി എച്ച് കുഞ്ഞമ്പുവിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി. 2016ല്‍ ബിജെപിയിലെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അബ്ദുര്‍റസാഖ് വീണ്ടും വിജയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ മാസം 25നു വിചാരണ തിയ്യതി പ്രഖ്യാപിക്കാനിരിക്കെയാണ് അന്ത്യം.
കാസര്‍കോട് സംയുക്ത ജമാഅത്ത് ആക്ടിങ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, കേരള റൂറല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, നെല്ലിക്കട്ട പിബിഎം എച്ച്എസ്എസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എര്‍മാളം ജമാഅത്ത് ജനറല്‍ സെക്രട്ടറി, നെല്ലിക്കട്ട, നീര്‍ച്ചാല്‍ ജമാഅത്തുകളുടെ പ്രസിഡന്റ്, നായന്മാര്‍മൂല ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ ബീരാന്‍ മൊയ്തീന്‍ ഹാജി. മാതാവ്: പരേതയായ ബീഫാത്തിമ ഹജ്ജുമ്മ. ഭാര്യ: സഫിയ (ചെങ്കള പഞ്ചായത്ത് മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍). മക്കള്‍: സൈറ, ശഫീഖ് (പൊതുമരാമത്ത് കരാറുകാരന്‍), ഷൈല, ഷൈമ. മരുമക്കള്‍: ആബിദ് കാഞ്ഞങ്ങാട്, അഫ്രീന, നിയാസ് ബേവിഞ്ച, ദില്‍ഷാദ് പള്ളിക്കര.

Next Story

RELATED STORIES

Share it