kozhikode local

പി ടി രാജന്റെ മരണം: വര്‍ഗ ബഹുജന സംഘടനകള്‍ക്ക് നഷ്ടം

കോഴിക്കോട്: പി ടി രാജനെന്ന തൊഴിലാളി നേതാവിന്റെ പെട്ടെന്നുള്ള മരണം അക്ഷരാര്‍ഥത്തില്‍ നഗരം ശ്രവിച്ചത് ഞെട്ടലോടെയായിരുന്നു. തൊഴിലാളികള്‍ക്ക് മാത്രമല്ല നഗരത്തിലെ നീതിക്കും നെറികേടിനുമെതിരേയും പ്രതികരിക്കുന്നവര്‍ക്ക് ഒപ്പം എന്നും തന്റെ സജീവസാന്നിധ്യത്താല്‍ സഹായിയായി വര്‍ത്തിച്ച ഒരാള്‍ പി ടി രാജനായിരിക്കും.
കോഴിക്കോട്ട് ഏതൊക്കെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങള്‍ നടന്നിട്ടുണ്ടോ അതിന്റെ ഒക്കെ വന്‍വിജയത്തിന് പിറകില്‍ രാജന്റെ മനസ്സും കരങ്ങളും ഉണ്ടായിരുന്നു. ഇഎംഎസ്, എകെജിമാരില്‍ തുടങ്ങി പിണറായി വിജയന്‍വരെയുള്ള പ്രഗല്‍ഭരായ നേതാക്കള്‍ക്ക് കോഴിക്കോട്ടെ സമ്മേളനവേദികളിലും സമരാങ്കണങ്ങളിലും സഹായിയായി എന്നും അവരോടൊപ്പം ചേര്‍ന്നു കാണുന്ന കാഴ്ച മറക്കാനാവില്ല.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ സമ്മേളനങ്ങളില്‍ പിറകിലെ കലവറകളിലും അടുക്കളയിലും പി ടി രാജനുണ്ടെങ്കില്‍ ഭക്ഷണകാര്യം നോക്കാന്‍ മറ്റൊരാളുടെ മേല്‍നോട്ടം ആവശ്യമില്ല. സ്വാഗതസംഘരൂപീകരണവേളകളില്‍ രാജന്റെ പേര് രണ്ടിടത്തേ കാണൂ. ഒന്നുകില്‍ വോളണ്ടിയര്‍കമ്മിറ്റി, അല്ലെങ്കില്‍ ഭക്ഷണകാര്യത്തില്‍.
വന്നവരെ മുഴുവന്‍ ഊട്ടാനുള്ള രാജന്റെ ആതിഥ്യമര്യാദ ഇവിടെ വന്ന ഒരതിഥിയും മറക്കില്ല. 'അഞ്ചപ്പം കൊണ്ട് അയ്യായിരം പേര്‍ക്ക്' വീതിക്കാനുള്ള ഒരു പ്രത്യേക രസതന്ത്രം തന്നെ രാജനുണ്ടായിരുന്നു.
ഒരു കാലത്ത് വലിയങ്ങാടിയില്‍ സമരം ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അന്നൊക്കെ തൊഴിലാളികള്‍ക്കൊപ്പം രാപ്പകല്‍ സമരപന്തലില്‍ രാജനുണ്ടാവും. ചുമട്ടുതൊഴിലാളി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു മുമ്പ് കാര്‍ഷിക മേഖലയിലും പ്രവര്‍ത്തിച്ചു.
1968 ല്‍ യുവജന പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയ രംഗപ്രവേശം. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡംഗമായിരുന്ന രാജന്‍ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിലും തൊഴിലാളി-വ്യാപാരി സൗഹൃദാന്തരീക്ഷം ശക്തമാക്കാനും നല്ല പങ്കുവഹിച്ചു. കോഴിക്കോട് വലിയങ്ങാടിയിലടക്കം നടന്ന ശ്രദ്ധേയമായ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെഎസ്എഫിലുടെയാണ് പൊതുരംഗത്ത് സജീവമായത്.
കെഎസ്‌വൈഎഫ് ജില്ലാകമ്മിറ്റി അംഗമായിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന രാജന്‍ സിപിഎം നെല്ലിക്കോട് ലോക്കല്‍സെക്രട്ടറി, കോഴിക്കോട് സൗത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ കോഴിക്കോട് നഗരത്തിലും പരിസരത്തും സിപിഎം വളര്‍ത്തുന്നതില്‍ നല്ല പങ്കുവഹിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പോലിസ്മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. കോഴിക്കോട് നിന്ന് എളമരം കരീം, ബാലന്‍ നായര്‍, ടി ദാസന്‍, മുകുന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം 18 നാണ് റാഞ്ചിയില്‍ നടക്കുന്ന സിഐടിയു ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പോയത്.
എന്നാല്‍ ശനിയാഴ്ച അസുഖം വന്നതിനെതുടര്‍ന്ന് റാഞ്ചിയിലെതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 5.45 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. മരണവിവരമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍, ജില്ലാസെക്രട്ടറി പി മോഹനന്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സാധാരണക്കാരും കോവൂരിലെ രാജ്‌നിവാസിലെത്തി.
പി ടി രാജന്റെ മരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിനും കനത്ത നഷ്ടമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അദ്ദേഗത്തോടുള്ള ആദരസൂചകമായി 22വരെയുള്ള ജില്ലയിലെ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ നിര്‍ത്തിവെച്ചതായും ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it