wayanad local

പി ടി എ റഹീമിന് പിന്നാലെ കാരാട്ട് റസാഖും ഇടത്തോട്ട്

താമരശ്ശേരി: മുസ്‌ലിം ലീഗില്‍ നിന്നും അഡ്വ. പി ടി എ റഹീമിനെ പിന്തുടര്‍ന്ന് കാരാട്ട് റസ്സാഖും എല്‍ഡിഎഫിലേക്ക്. കൊടുവള്ളി മണ്ഡലം ജനറല്‍ സെക്രട്ടറിയും പ്രമുഖ ലീഗ് നേതാവും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ കാരാട്ട് റസ്സാഖാണ് ലീഗ് വിട്ട് ഇടതു മുന്നണിയിലേക്ക് ചേക്കേറുന്നത്.
കൊടുവള്ളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് റസ്സാഖ് പാര്‍ട്ടി വിടുന്നത്. ഇവിടെ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എ റസ്സാഖിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇടക്കാലത്ത് ലീഗിലുണ്ടായ കടുത്ത ഗ്രൂപ്പ് പോരും റസ്സാഖിനെ പാര്‍ട്ടിയില്‍ നിന്നകറ്റിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ റസ്സാഖിനു കഴിഞ്ഞിരുന്നു. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവായിരുന്നു അഡ്വ. പി ടി എ റഹീം.
2006ല്‍  ഇദ്ദേഹവും ലീഗ് വിട്ട് ഇടതു പക്ഷത്തേക്ക് ചേക്കേറിയതാണ്. നിലവില്‍ കുന്ദമംഗലം നിയോജക മണ്ഡലം എംഎല്‍എയുമാണ്. ഇവിടെ അന്നു തൊട്ടേയുള്ള ഗ്രൂപ്പ് പോരിന്റെ അലയൊലി ഇന്നും നിലക്കാതെ തുടരുന്നതിന്റെ അനന്തര ഫലമാണ് റസ്സാഖിന്റെ പുറത്തേക്കുള്ള പ്രയാണത്തിനു ഹേതുവായത്. സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതോടെ ലീഗില്‍ മുമ്പൊന്നുമില്ലാത്ത തരത്തില്‍ പ്രതിസന്ധിക്കും തുടക്കമായി.
നിലവിലെ കൊടുവള്ളി എംഎല്‍എ ആയ വി എം ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിയില്‍ മല്‍സരിക്കുമെന്നുറപ്പായതോടെ ഈ മണ്ഡലം കോണ്‍ഗ്രസിനു ലഭിക്കണമെന്നാവശ്യപ്പെട്ടു താമരശ്ശേരി രൂപതയുടെ ഒത്താശയോടെ മലയോര വികസന സമിതി എന്ന സംഘടന പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഇത് ജില്ലയില്‍ യുഡിഎഫിന്റെ കെട്ടുറപ്പിനു തന്നെ പോറലേല്‍പിക്കുമെന്ന ആശങ്കയിലാണ് നേതൃത്വങ്ങള്‍.
കൊടുവള്ളിയില്‍ രൂക്ഷമായ അഭിപ്രായ വിത്യാസവും തിരുവമ്പാടിയില്‍ പ്രതിഷേധവും ഇടതു മുന്നണിയെ തെല്ലൊന്നുമല്ല ആഹഌദത്തിലാക്കുന്നത്. യുഡിഎഫിലെ പോരു മുതലെടുത്തു ജയിച്ചു കയറാമെന്ന കണക്കു കൂട്ടലുമായാണ് ഇടതുമുന്നണി കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it