Idukki local

പി ജെ ജോസഫ് മൂവര്‍ സംഘത്തിന്റെ തടവറയില്‍

തൊടുപുഴ: പിജെ ജോസഫ് മൂവര്‍ സംഘത്തിന്റെ തടവറയിലെന്ന് പാര്‍ട്ടി വിട്ട കര്‍ഷക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍. കെ എം മാണിക്കെതിരെ നിലപാട് എടുക്കുന്നതില്‍ നിന്നും ജോസഫിനെ തടയുന്നത് ഇവരാണ്. പി സി ജോര്‍ജ് പുതിയ പാര്‍ട്ടിയുണ്ടാക്കി ജോസഫ് വിഭാഗം പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം വാര്‍ത്താ സമ്മേളനം നടത്തി രാജിവച്ച നേതാവടങ്ങുന്ന ലോബിയാണ് പി ജെ ജോസഫിനെ നിയന്ത്രിക്കുന്നത്.
ഇത് ജോസഫിന് വൈകാതെ മനസിലാകും. അഞ്ചര വര്‍ഷം മുമ്പ് എല്‍ഡിഎഫ് വിട്ട് മാണിക്കൊപ്പം പോയതിന്റെ കാരണമെന്തെന്ന് പി ജെ ജോസഫ് അടക്കമുളള നേതാക്കളാരും ഇതുവരെ വിശദീകരിച്ചിട്ടില്ല. അന്നു മുതല്‍ മാണിയുടെ അടിമകളാണ് ജോസഫും ഒപ്പമുള്ളവരും. പാര്‍ട്ടി യോഗത്തിന്റെ ഉദ്ഘാടകനും അധ്യക്ഷനും കെ എം മാണി.
സ്വാഗതം പറയുന്നത് മകന്‍ ജോസ് കെ മാണി. ഈ കുടുംബവാഴ്ചക്കെതിരെയുള്ള അണികളുടെ രോഷമാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുണ്ടായ പിളര്‍പ്പിന് കാരണം. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം ഇതുവരെ നിഷേധിക്കാന്‍ മാണിക്ക് കഴിഞ്ഞിട്ടില്ല.
അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തയാളാണ് മാണി. മകനെ കേന്ദ്രമന്ത്രിയാക്കുക എന്നതാണ് മാണിയുടെ സ്വപ്‌നം. പി ജെ ജോസഫ് ചെയര്‍മാനും ഫ്രാന്‍സിസ് ജോര്‍ജ് വൈസ് ചെയര്‍മാനുമായി യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഉണ്ടാകണമെന്നായിരുന്നു അണികളുടെ ആഗ്രഹം.
ഒരു ലോബിയുടെ താല്‍പര്യത്തിന് വഴങ്ങി ജോസഫ് ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് പുതിയ വഴി തേടിയത്. പാര്‍ട്ടി വാര്‍ഡു തലം മുതല്‍ ഹിതപരിശോധന നടത്തിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാടിനായിരിക്കും അംഗീകാരം. പി ജെ ജോസഫിനോട് വ്യക്തിപരമായി ബഹുമാനമുണ്ടെങ്കിലും രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി എതിര്‍ക്കേണ്ടി വന്നാല്‍ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമെന്നും ജോര്‍ജ് അഗസ്റ്റിന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it