പി ജെ ജോസഫ് ഒപ്പം വരുമെന്ന് വിശ്വാസം: ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം: പി ജെ ജോസഫ് ഏതെങ്കിലും ഘട്ടത്തില്‍ ഉചിതമായ തീരുമാനമെടുത്ത് തങ്ങള്‍ക്കൊപ്പം വരുമെന്നാണു വിശ്വാസമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരേ ഗൂഢാലോചന നടത്തിയത് ആരാണെന്നു തുറന്നു പറയാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്. അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം കെ എം മാണി തന്നെ വ്യക്തമാക്കണം. പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ മാസം ഒമ്പതിന് എറണാകുളം വൈഎംസിഎ ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പഴയ കേരളാ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യം. കേരളാ കോണ്‍ഗ്രസ്(എം) അന്യവല്‍ക്കരിക്കപ്പെട്ടു. 50 വര്‍ഷത്തിനിടയില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ആരോപണങ്ങളാണ് പാര്‍ട്ടിയില്‍ നിന്നു കേള്‍ക്കുന്നത്. പാര്‍ട്ടി അങ്ങേയറ്റം അധപ്പതിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും ചെയ്തു. കെ എം മാണിയില്‍ നിന്ന് കര്‍ഷകരുടെ വിഷയത്തില്‍ സത്യസന്ധമായ നിലപാട് ഉണ്ടായില്ല. പാര്‍ട്ടിയെ ഗുണപരമായി മുന്നോട്ടു കൊണ്ടുപോവാന്‍ ഈ ചട്ടക്കൂടില്‍ നിന്നു കഴിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രാഥമികമായ നിലപാട് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത ശേഷം വിവരം അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്- ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it