Districts

പി ജെ ജോസഫിനോട് രാജിവയ്ക്കാന്‍ പറഞ്ഞിട്ടില്ലെന്ന് മാണി

തിരുവനന്തപുരം: പി ജെ ജോസഫ് തനിക്കൊപ്പം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്നു കെ എം മാണി. പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങള്‍ വന്നിരിക്കാം. എന്നാല്‍ താന്‍ ഒരുഘട്ടത്തിലും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല. തോമസ് ഉണ്ണിയാടന്റെ രാജിയും തന്റെ ആവശ്യപ്രകാരമല്ല. ഉണ്ണിയാടനു തന്നോടുള്ള ആഭിമുഖ്യത്തിന്റെയും സ്‌നേഹത്തിന്റെയും തീവ്രതകൊണ്ടാണ് അദ്ദേഹം രാജിവച്ചത്. പി ജെ ജോസഫിന് ഈ സ്‌നേഹവും ആഭിമുഖ്യവും ഇല്ലേയെന്ന ചോദ്യത്തോട് കെ എം മാണി വ്യക്തമായി പ്രതികരിച്ചില്ല.
പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ നീതി കിട്ടി. പാര്‍ട്ടിയില്‍ രാജിയെച്ചൊല്ലി ഭിന്നതയില്ല. ബാര്‍ കോഴ ആരോപണം ഉയര്‍ന്നതു മുതല്‍ രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാല്‍ സമാനമായ കേസുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും കക്ഷിനേതാക്കളും ആവര്‍ത്തിച്ചു പിന്തിരിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പരാമര്‍ശം വന്ന ഉടന്‍ രാജിവയ്ക്കണമെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വവുമായി പങ്കുവച്ചു. എന്നാല്‍ സ്റ്റിയറിങ് കമ്മിറ്റിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ചര്‍ച്ച ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെപ്പോലും മന്ത്രിസ്ഥാനത്തു കടിച്ചുതൂങ്ങാനുള്ള ശ്രമമായി ചിലര്‍ ചിത്രികരിച്ചെന്നും കെ എം മാണി പറഞ്ഞു.
ആരോഗ്യം ഉള്ളിടത്തോളവും പാലയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളവും മല്‍സരരംഗത്തുണ്ടാകും. എന്നാല്‍ മല്‍സരരംഗത്തു നിന്ന് മാറിനില്‍ക്കുന്നതില്‍ വിഷമമില്ല. എല്ലാക്കാലവും മന്ത്രിയും എംഎല്‍എയും ആയിരിക്കണമെന്ന ആഗ്രഹമില്ല. കേരളത്തിലെയും പ്രത്യേകിച്ച് പാലയിലെയും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചു പ്രവര്‍ത്തിക്കും. തന്റെ പൊതുജീവിതം തുറന്ന പുസ്തകമാണ്. സംശുദ്ധവും സുതാര്യവുമായ 50 വര്‍ഷത്തെ രാഷ്ട്രീയജീവിതമാണ് തന്റെ കൈമുതല്‍. അതുനല്‍കുന്ന ആത്മവിശ്വാസവും അഭിമാനവുമുണ്ട്. പാലയിലെ ജനങ്ങള്‍ക്കു തന്നെയറിയാം. അവര്‍ ഒപ്പമുണ്ടെന്നും കെ എം മാണി വ്യക്തമാക്കി.
Next Story

RELATED STORIES

Share it