പി ജയരാജനെ മല്‍സരിപ്പിക്കാന്‍സിപിഎമ്മില്‍ ആലോചന

ഹനീഫ  എടക്കാട്കണ്ണൂര്‍: മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് ജാമ്യം ലഭിച്ചതോടെ അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ആലോചന. പാര്‍ട്ടി ഏല്‍പിക്കുന്ന ഏതുചുമതലയും ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജയരാജന്‍ മല്‍സരരംഗത്തേക്കെത്തുമെന്ന വാദത്തിന് ശക്തിയേറിയത്. പി ജയരാജനും മല്‍സരരംഗത്തുണ്ടാവുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നുവെങ്കിലും യുഎപിഎ ചുമത്തപ്പെട്ട് റിമാന്‍ഡിലായതോടെ അതിനുള്ള സാധ്യത മങ്ങുകയായിരുന്നു. എന്നാല്‍, ജാമ്യം ലഭിച്ചതോടെ സ്ഥാനാര്‍ഥിത്വ ചര്‍ച്ച വീണ്ടും സജീവമാവുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയായിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയും ജയരാജന്റെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്ക് ബലം നല്‍കുന്നു. കൂത്തുപറമ്പില്‍ നിന്നോ തലശ്ശേരിയില്‍ നിന്നോ മല്‍സരിപ്പിക്കാനാണ് ആലോചിക്കുന്നത്. നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം രണ്ടുമാസത്തേക്ക് കണ്ണൂരില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഇതില്‍ ഇളവ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. നേരത്തെ കൊലക്കേസില്‍ പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നു. നിലവില്‍ കൂത്തുപറമ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ തവണ ഐഎന്‍എല്‍ മല്‍സരിച്ച മണ്ഡലമാണ് കൂത്തുപറമ്പ്. ഇക്കുറി മണ്ഡലം ഏറ്റെടുക്കുമെന്ന് സിപിഎം നേരത്തെ തന്നെ ഐഎന്‍എല്ലിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, മന്ത്രി കെ പി മോഹനന്റെ തട്ടകമായ കൂത്തുപറമ്പ് ജില്ലയിലെ മറ്റു ഇടതുകോട്ടകളെ പോലെ വിജയം ഉറപ്പിക്കാവുന്ന മണ്ഡലമല്ല. തലശ്ശേരിയില്‍ നിലവില്‍ ഡിവൈഎഫ്‌ഐ നേതാവ് എ എന്‍ ഷംസീറിനെയാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. ഇതിന് സംസ്ഥാന കമ്മിറ്റിയുടെയും സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ വല്ല മാറ്റവും ഉണ്ടാവുമോയെന്നാണ് പാര്‍ട്ടി അണികളും ആകാംക്ഷയോടെ കാതോര്‍ക്കുന്നത്. എ എന്‍ ഷംസീറിനെ അഴീക്കോട്ട് കെ എം ഷാജിക്കെതിരേ മല്‍സരിപ്പിക്കണമെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്. അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളെ മല്‍സരരംഗത്തിറക്കുന്നതില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇതിന് കാരായിമാരുടെ അനുഭവമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഫസല്‍വധക്കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും തലശ്ശേരി നഗരസഭയിലേക്കും മല്‍സരിപ്പിച്ച് വിജയിപ്പിച്ച പാര്‍ട്ടിക്ക്, പക്ഷെ, പിന്നീടവരെ തലശ്ശേരിയില്‍ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കണ്ണൂരിലെത്താനുള്ള കാരായിമാരുടെ നീക്കത്തെ സിബിഐ എതിര്‍ക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയും തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനവും രാജിവയ്‌ക്കേണ്ടിയും വന്നു.
Next Story

RELATED STORIES

Share it