kannur local

പി കെ രാഗേഷിനെ പുറത്താക്കല്‍; ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ഇളക്കംതട്ടും

കണ്ണൂര്‍: പുകഞ്ഞ് നില്‍ക്കുകയായിരുന്ന കോര്‍പറേഷന്‍ ക ൗണ്‍സിലര്‍ പി കെ രാഗേഷിനെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് ഇളക്കംതട്ടുമെന്നുറപ്പായി. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 27 കൗണ്‍സിലര്‍മാരാണുള്ളത്. രാഗേഷിന്റെ പിന്തുണോടെയാണ് സിപിഎമ്മിലെ ഇ പി ലത മേയറായത്. എന്നാല്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് രാഗേഷ് വിട്ടുനില്‍ക്കുകയും നറുക്കടുപ്പില്‍ ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറാവുകയുമായിരുന്നു. രാഗേഷ് പടിക്ക് പുറത്തായതോടെ ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഡെപ്യൂട്ടി മേയര്‍സ്ഥാനം തനിക്ക് നല്‍കണമെന്ന് പി കെ രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ മുന്നണി സംവിധാനത്തിലെ ധാരണപ്രകാരം ഡെപ്യൂട്ടി മേയര്‍ സ്ഥാനം ലീഗിന് അവകാശപ്പെട്ടതാണ്. രാഗേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മല്‍സരിച്ചാല്‍ സിപിഎം പിന്തുണയ്ക്കുമെന്ന കാര്യവും ഉറപ്പാണ്. നേരത്തേ തന്നെ ഈ ഓഫര്‍ സിപിഎം പി കെ രാഗേഷിന് മുന്നില്‍ അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പല കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇപ്പോഴും ലീഗ്-കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ അമര്‍ഷം നിലനില്‍ക്കുകയാണ്. ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടത്താന്‍ എ വിഭാഗം ശ്രമിച്ചെന്നും അതിന് സതീശന്‍ പാച്ചേനി നേതൃത്വം നല്‍കിയെന്നുമാണ് ലീഗണികളുടെ ആരോപണം. ഇതേ പാച്ചേനി—യാണ് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. പി കെ രാഗേഷ് ഇടഞ്ഞ് ലീഗിന്റെ കൈയിലുള്ള ഡെപ്യൂട്ടി മേയര്‍സ്ഥാനം കൂടി നഷ്ടമായാല്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാകുമെന്നുറപ്പാണ്.—
Next Story

RELATED STORIES

Share it