kannur local

പി കെ രാഗേഷിനെ ചൊടിപ്പിക്കാതെ യുഡിഎഫിന്റെ അടവുനയം

കണ്ണൂര്‍: ഭരണം മൂന്നുമാസമെത്തിയപ്പോള്‍ വിമതപിന്തുണയില്‍ നേതൃമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫ് കോര്‍പറേഷന്‍ കൗണ്‍സിലില്‍ കാട്ടിയത് അടവുനയം. കഴിഞ്ഞ ദിവസം പള്ളിയാംമൂലയില്‍ വാര്‍ഡ് സഭയ്‌ക്കെത്തിയപ്പോള്‍ മേയര്‍ ഇ പി ലതയെയും കൗണ്‍സിലര്‍ പി കെ രാഗേഷിനെയും ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം ചൊരിയുകയും ചെയ്തിരുന്നു. ഇതിനെതിരേ ഇന്നലെ ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ യുഡിഎഫ് എതിര്‍പ്പുകളൊന്നുമില്ലാതെ പിന്തുണയ്ക്കുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലറായ കോണ്‍ഗ്രസിലെ പി കെ ജെമിനിയുടെ എതിര്‍പ്പിനെ പോലും അവഗണിച്ചാണു യുഡിഎഫ് പ്രമേയത്തെ ഐക്യകണ്‌ഠ്യേന അംഗീകരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മൂന്നു മാസമായിട്ടും പാര്‍ട്ടിയില്‍ താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന വികാരം രാഗേഷിനും അനുകൂലികള്‍ക്കുമുണ്ട്. രാഗേഷിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തെങ്കിലും പള്ളിക്കുന്നിലെ പാര്‍ട്ടികമ്മിറ്റികളില്‍ രാഗേഷ് പക്ഷക്കാരെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ചിറക്കല്‍ ബ്ലോക്ക് കമ്മിറ്റിയും പുനസംഘടിപ്പിക്കണമെന്ന പ്രധാനആവശ്യവും തീര്‍പ്പാക്കിയിട്ടില്ല. ഒത്തുതീര്‍പ്പ് വേളയില്‍ ഒരുമാസത്തിനകം പുനഃസംഘടന നടത്തുമെന്നാണ് അറിയിച്ചിരുന്നത്. രാഗേഷിന്റെ ആവശ്യപ്രകാരം ടൗണ്‍ എസ്‌ഐ സനലിനെയും സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രനെയും സ്ഥലംമാറ്റിയത് മാത്രമാണ് നടപ്പായത്.
ചാലാട് ധര്‍മശാസ്താ ക്ഷേത്ര ഭരണസമിതി പുനസംഘടനയും നടന്നിട്ടില്ല.
ആറുമാസത്തിനുശേഷം കോര്‍പറേഷനില്‍ മേയര്‍ക്കെതിരേ പി കെ രാഗേഷിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് ഭരണം തിരിച്ചുപിടിക്കാമെന്നാണു യുഡിഎഫ് തീരുമാനം.
ഇതിനിടെ, ഡെപ്യൂട്ടി മേയര്‍ സ്ഥാനം പി കെ. രാഗേഷിനു ലഭിക്കണമെന്ന ആവശ്യം രാഗേഷ് അനുകൂലികള്‍ ഉന്നയിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ എല്‍ഡിഎഫ് പിന്തുണയോടെ രാഗേഷ് ഡെപ്യൂട്ടി മേയറാവണമെന്നും അനുയായികള്‍ പറയുന്നു.
ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിലാണ്, പള്ളിയാംമൂല വിഷയത്തില്‍ രാഗേഷിനെ ചൊടിപ്പിക്കാതെ പ്രമേയം അംഗീകരിക്കാന്‍ യുഡിഎഫ് ധാരണയായതെന്നാണു സൂചന.
Next Story

RELATED STORIES

Share it